നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി എന്നിവ കൂട്ടിയതും സാധാരണക്കാരുടെ ജീവിതത്തില്‍ ദുരിതമായി മാറുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടു മാസത്തിനിടെ റോക്കറ്റ് പോലെ കുതിക്കുകയാണ്.

വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും നടക്കുന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് പറയുന്നത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ ഓണക്കാലം കഴിഞ്ഞ ശേഷമെ സാധനങ്ങള്‍ ലഭിക്കൂ. സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ പോലും സപ്ലൈകോയില്‍ ലഭ്യമല്ല. ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടല്ല.

ഇഞ്ചി വില രണ്ടു മാസം മുന്‍പ് 150 രൂപയായിരുന്നത് 250- 300 വരെ ഉയര്‍ന്നു. തക്കാളി വില 35 രൂപയായിരുന്നത് 120 രൂപയായി. ചെറിയ ഉള്ളി 35 രൂപയായിരുന്നത് 120 രൂപയായി. പച്ചമുളക് 60 രൂപയായിരുന്നത് നൂറ് രൂപയോടടുത്തു. ജീരകം 500 രൂപയായിരുന്നത് 650 രൂപയായി. മുളക് 240 രൂപയായിരുത് 310 രൂപയായി. കടല 120 രൂപയായിരുന്നത് 141 രൂപയായി. ഇത്തരത്തില്‍ ഓരോ സാധനങ്ങളുടെയും വില ഗണ്യമായി വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ചെലവ് 5000 രൂപയില്‍ നിന്നും പതിനായിരമായി വര്‍ധിച്ചു.

ഇന്ധന സെസ് കൂട്ടിയാല്‍ വില്‍പന കുറയുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സംസ്ഥാനത്ത് ഡീസല്‍ വില്‍പന കുറഞ്ഞെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ധന വില്‍പന കുറഞ്ഞതോടെ സര്‍ക്കാരിന് കിട്ടേണ്ട വരുമാനം കുറഞ്ഞു. അതിര്‍ത്തികളില്‍ നിന്നും പരമാവധി ഡീസല്‍ അടിച്ച ശേഷമാണ് ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുന്നത്.

സെസ് കൂട്ടിയത് തെറ്റായ തീരുമാനമാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതാണ് ഇന്ധന വില്‍പനയിലെ കുറവ്. ഇന്ധനവില കൂടിയതോടെ പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. ജനങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.

ഒണക്കിറ്റ് എല്ലാവര്‍ക്കും നല്‍കില്ലെന്നത് മാധ്യമ വാര്‍ത്തയാണ്. സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പക്ഷെ കിറ്റ് നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലല്ല സര്‍ക്കാര്‍. കിറ്റ് മാത്രമല്ല ഓണത്തിന് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സപ്ലൈകോ. 3400 കോടിയോളം രൂപയുടെ ബാധ്യതയാണ് സപ്ലൈകോക്കുള്ളത്.

കെ.എസ്.ആര്‍.ടി.സിക്ക് സംഭവിച്ചത് തന്നെയാണ് സപ്ലൈകോയെയും കാത്തിരിക്കുന്നത്. വിപണി ഇടപെടലിന് പോലും പറ്റാത്ത അവസ്ഥയിലാണ് സപ്ലൈകോ. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിന് മുഖ്യമന്ത്രി ഇടപെടാത്തത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി വിലക്കയറ്റമൊന്നും അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.  

Tags:    
News Summary - V D Satheesan said that the rise in the prices of daily use goods has made people's lives difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.