'എന്തുകൊണ്ടാണ് സർവേ നിർത്താൻ കേന്ദ്രം പറയാത്തത്?' -അതിൽ കാര്യമി​ല്ലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കെ റെയിൽ സർവേ നിർത്താൻ ​പറയുന്നതിൽ കാര്യമി​ല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പദ്ധതി അപ്രായോഗികമാണെങ്കിൽ എന്തുകൊണ്ടാണ് സർവേ നിർത്തിവെക്കാൻ കേന്ദ്രം പറയാത്തത് എന്ന ​മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'സർവേ നിർത്തിവെക്കാൻ പറയുന്നതിൽ കാര്യമില്ലല്ലോ. കാരണം സർവേ നടത്താൻ ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കെ റെയിൽ വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി കേരളത്തി​ലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വി. മുരളീധരൻ ആരോപിച്ചു. 'ഈ പദ്ധതിയുടെ അപ്രായോഗികതയാണ് റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, പ്രധനമന്ത്രിയെ കണ്ട ശേഷം പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സിൽവർ ലൈനിന്റെ പേരിൽ ജനങ്ങൾക്ക് നേരെ അതിക്രമം തുടരാൻ ഉദ്യോഗസ്ഥർക്ക് മനോവീര്യം നൽകാനാണ് മുഖ്യമന്ത്രി ഈ അടവ് പ്രയോഗിക്കുന്നത്. കൂടാതെ സർവേ നടത്താൻ പണം കൈപ്പറ്റിയ ഏജൻസികൾ പിൻമാറാതിരിക്കാനുമാണ് ഈ നീക്കം. ഇതല്ലാതെ ഡൽഹി യാത്ര കൊണ്ട് മുഖ്യമന്ത്രിക്ക് എ​ന്തെങ്കിലും ഉറപ്പ് കിട്ടിയതായി ഒരാൾക്കും തോന്നില്ല' -മുരളീധരൻ പറഞ്ഞു.

കേന്ദ്രമന്ത്രി അപ്രായോഗികത പറയുമ്പോഴും, പദ്ധി നടപ്പാക്കാൻ കഴിയില്ല എന്ന നിലപാട് എന്തു​കൊണ്ട് കേന്ദ്രം ഉറപ്പിച്ച് പറയുന്നില്ല എന്ന ചോദ്യത്തിന് മന്ത്രിയുടെ ഉത്തരം ഇങ്ങനെ: 'പദ്ധതി തന്നെ തന്നിട്ടില്ലല്ലോ. പദ്ധതി കൊടുത്താലല്ലേ പറ്റുമോ ഇല്ലേ എന്ന് പറയാൻ കഴിയൂ. തത്വത്തിലുള്ള അനുമതി എന്ന് പറഞ്ഞാലെന്താ? പഠനം നടത്താനുള്ള അനുവാദമാണത്. പഠനം നടത്തുക കല്ലിട്ടിട്ടാണോ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്? കല്ലിടാൻ നോട്ടീസ് കൊടുത്തോ? നോട്ടീസ് ​കൊടുക്കാതെ കല്ലിടുന്നതെന്തിന്? ഈ ചോദ്യങ്ങളൊക്കെയാണ് ചോദിക്കേണ്ടത്. ഈ ചോദ്യങ്ങൾ നിർഭാഗ്യവശാൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ കാണുമ്പോൾ ചോദിക്കാത്തതെന്ത്? ഈ ചോദ്യം ചോദിച്ചാൽ എന്താ ഉണ്ടാവുക എന്ന് തിരുവനന്തപുരത്ത് ഉള്ള എല്ലാവർക്കും എനിക്കും നിങ്ങൾക്കും അറിയാം. പക്ഷേ, ആ ചോദ്യം ജനങ്ങൾ ചോദിക്കും. ഭാരതീയ ജനതാ പാർട്ടിയും ചോദിക്കും. പക്ഷേ, ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ട് ജനങ്ങൾ ഈ കല്ല് മുഴുവൻ പിഴുതെടുത്ത് ദൂരെ കളയുന്നു'.


Full View

Tags:    
News Summary - V Muraleedharan says no matter in Center asks to stop k rail survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.