ഹൈന്ദവ അവകാശങ്ങൾക്ക് കേരളത്തിൽ വർഗീയ നിറം നൽകുന്നുവെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ഹൈന്ദവ അവകാശങ്ങൾക്ക് കേരളത്തിൽ വർഗീയ നിറം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കുന്നംമഠത്തിൽ നട ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം സ്വത്വവും പാരമ്പര്യവും തിരികെ പിടിക്കാന്‍ സനാതനധര്‍മികളെപ്പോലെ പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടാവില്ല. ശ്രീരാമനേയും ശ്രീകൃഷ്ണനേയും വിശ്വസിക്കുന്ന ഹൈന്ദവർക്ക് ആരാധാനഭൂമിയുടെ വീണ്ടെടുപ്പിനായി നൂറ്റാണ്ട് നീണ്ട നിയമപോരാട്ടം നടത്തേണ്ടിവരുന്നു. ഈ പോരാട്ടങ്ങൾക്ക് വർഗീയ നിറം നൽകാനുള്ള ബോധപൂർവമായ ശ്രമം കേരളത്തിൽ ചിലർ നടത്തുന്നു.

നരേന്ദ്രമോദിയുടെ സ്വാധീനത്തിൽ, അയോധ്യയിൽ രാമക്ഷേത്രത്തിനായി സുപ്രീംകോടതി തീരുമാനം എടുത്തു എന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ അയോധ്യയും മഥുരയും രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയുമെന്നതിന് ചരിത്രം തെളിവുനൽകുന്നുണ്ട്. ഇക്കാര്യങ്ങൾ മറച്ചുവെക്കുന്നു.

ക്രൈസ്തവർക്ക് ബത് ലഹേം പോലെ, മുസ് ലീങ്ങൾക്ക് മെക്കപോലെ ഹൈന്ദവർക്ക് പുണ്യപാവനകേന്ദ്രങ്ങളാണിവ. ശങ്കരാചാര്യരെ സവർണരുടെ പ്രതീകവും ഗുരുദേവനെ അവർണരുടെ പ്രതീകവുമാക്കി പോലും വിഭജനം സൃഷ്ടിച്ചു. ശങ്കരന്റെ മതമാണ് എന്റെ മതവും എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്തവർ നമുക്ക് ഇടയിൽ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളസമൂഹത്തില്‍ അഹിംസയും സത്യവും ഇല്ലാതാവുന്ന കാലത്ത് ഭാഗവതസപ്താഹം പോലുള്ള കൂടിച്ചേരലുകൾ അനിവാര്യമാണ്. ഭരണാധികാരികൾ പോലും നുണപറയുന്ന കാലത്ത് സഹാനുഭൂതിയും സ്നേഹവും പടർത്താൻ ഇത്തരം യജ്ഞങ്ങൾക്ക് സാധിക്കുമെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - V. Muralidharan says that Hindu rights are given a communal color in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.