എറണാകുളം: കാർഷിക നിയമം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തിന് അനുമതി നൽകാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി വി.മുരളീധരൻ. നിയമസഭയെ രാഷ്ട്രീയകളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയമാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
''പ്രത്യേക സമ്മേളനം ചേരാൻ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവർണറുടെ വിലയിരുത്തൽ തീർത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നൽകുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്. എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രി സഭയാണെന്ന് സമ്മതിക്കുക വഴി തങ്ങൾ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇക്കാര്യത്തിലുള്ള സർക്കാരിന്‍റെ വാദങ്ങൾ ബാലിശമാണ്. ഈ തീരുമാനമെടുത്ത ഗവർണറെ അഭിനന്ദിക്കുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ വിമർശനം ഉയർത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങൾ തിരിച്ചറിയും'' -വി.മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.