ബോണസ് തർക്കങ്ങളിൽ തീരുമാനമെടുക്കണമെന്ന് വി.ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി

തിരുവനന്തപുരം : ബോണസ് സംബന്ധിച്ച ചർച്ചകൾക്കായി മന്ത്രി വി.ശിവൻകുട്ടി സംസ്ഥാനത്തെ ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചു ചേർത്തു. ബോണസ് തർക്കങ്ങളിൽ അടിയന്തര തീരുമാനമെടുക്കാൻ മന്ത്രി ലേബർ കമീഷണർ നവജോത് ഖോസയ്ക്ക് നിർദേശം നൽകി.

എല്ലാ പൊതു മേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് മിനിമം ബോണസായി 8.33 ശതമാനം അനുവദിക്കണം. 8.33 ശതമാനത്തെക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2021-22 വർഷത്തെ ഓഡിറ്റ്‌ പൂർത്തീകരിക്കണം. ഒരു വർഷം കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്ത ജീവനക്കാർക്ക് ബോണസിന് അർഹത ഉണ്ടാകും.

കയർ, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ബോണസ് നിശ്ചയിക്കുന്നത് ബന്ധപ്പെട്ട വ്യവസായ അനുബന്ധ സമിതികളുടെ തീരുമാനപ്രകാരമാണ്. കയർ മേഖലയിലെ തൊഴിലാളികൾക്ക് 2021-22 വർഷത്തെ ബോണസ് 29.9 ശതമാനം നൽകാൻ തീരുമാനിച്ചു.

ഇൻകം സപ്പോർട്ട് സ്കീം അനുസരിച്ച് പരമ്പരാഗത മേഖലകളായ കയർ,മത്സ്യബന്ധന മേഖല,കൈത്തറി, ഖാദി, ബീഡി,ഈറ്റ - പനമ്പ് എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് വർഷത്തിൽ 100 ദിവസം എങ്കിലും മിനിമം കൂലി വരുമാനം ലഭിക്കത്തക്ക വിധത്തിൽ അവർക്ക് ലഭിക്കുന്ന വരുമാനവുമായുള്ള അന്തരം കണക്കാക്കി കുറഞ്ഞത് 1250 രൂപ ഒരു തൊഴിലാളിക്ക് അനുവദിച്ചു നൽകുന്നതിന് ഭരണാനുമതി നൽകി.

സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള ഒരു വർഷത്തിൽ അധികമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം ഈ ഓണക്കാലത്ത് എക്സ്ഗ്രേഷ്യ നൽകുന്നതിനും തീരുമാനിച്ചു. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ 2,000 രൂപയും 10 കിലോ അരിയുടെ തുകയായി 250 രൂപയും ഉൾപ്പെടെ 2250 രൂപ നൽകും. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ 2000 രൂപയും ഇതിന് പുറമെ ഓണക്കിറ്റായി 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും നൽകും.

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ബോണസ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സർക്കാർ ബോണസ് മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലും ലേബർ കമീഷണറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലും ഭൂരിഭാഗം സ്ഥാപനങ്ങളിലും നടന്നു വരികയാണ്. സ്വകാര്യ മേഖലയിലെ ബോണസ് നിശ്ചയിക്കുന്നത് സംബന്ധിച്ച് റീജിയനൽ ജോയിന്റ് ലേബർ കമീഷണർമാരും ജില്ലാ ലേബർ ഓഫീസർമാരും നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

തൊഴിലാളി നേതാക്കളായ ആനത്തലവട്ടം ആനന്ദൻ(സി.ഐ.ടി.യു), ആർ ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി ), കെ പി രാജേന്ദ്രൻ (എ.ഐ.ടി.യു.സി ), ബാബു ദിവാകരൻ (യു.ടി.യു.സി ) തുടങ്ങി 19 തൊഴിലാളി സംഘടനാ പ്രതിനിധികളും ലേബർ കമീഷണർ നവജോത് ഖോസയും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - V. Sivankutty instructed the Labor Commissioner to take a decision on bonus disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.