തിരുവനന്തപുരം: പുനഃസംഘടനയുടെ പേരിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക നിയമനങ്ങൾ നടത്താനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് ഫ്യൂസ് ഊരി ഉദ്യോഗാർഥികൾ. 750ലേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് സബ് എൻജിനീയേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് നല്കിയ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ഇ.ബി സി.എം.ഡിയോട് തുടർനടപടിക്ക് നിർദേശം നൽകി.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഒഴിവുകളുടെ കണക്ക് വ്യക്തമാക്കണമെന്നുമാണ് നിർദേശം. കെ.എസ്.ഇ.ബിയിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താൽക്കാലിക നിയമനങ്ങളിലൂടെ ഒഴിവുകൾ നികത്താൻ ശ്രമിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയും പരാതികളും പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കഴിഞ്ഞ മേയ് 31ന് മാത്രം 1099 പേരാണ് ബോർഡിൽനിന്ന് വിരമിച്ചത്. ഇതിൽ 388 പേർ ഓവർസിയർമാരും 119 ലൈൻമാരും 34 പേർ മസ്ദൂറുമാണ്.
കഴിഞ്ഞവർഷം 1300 പേർ വിരമിച്ചിരുന്നു. എന്നാൽ പുനഃസംഘടനയുടെ പേരിൽ ഈ ഒഴിവുകളൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. വിവിധ തസ്തികകളിലായി 3100ഓളം ഒഴിവുകളാണ് ബോർഡിലുള്ളത്. ഒഴിവുള്ള ലൈൻമാൻ തസ്തികയിൽ പരിചയ സമ്പന്നരായ മുൻ ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്.
പുനഃസംഘടന പൂർത്തിയാകുംവരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് വൻ തിരിച്ചടിയാണ്. 2021 മാർച്ച് 19ന് ഇറങ്ങിയ മീറ്റർ റീഡർ റാങ്ക് ലിസ്റ്റിലെ 435 പേരുടെ ഒഴിവിലേക്ക് 218 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതോടെ മീറ്റർ റീഡർമാരുടെ ആവശ്യമില്ലെന്ന് ബോർഡ് പി.എസ്.സിക്ക് കത്ത് നൽകിയതോടെയാണ് സ്ഥാനക്കയറ്റം വഴിയുണ്ടായ 31 ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റിലുള്ളവർ തഴയപ്പെട്ടത്. തുടർന്ന് ഈ വർഷം മാർച്ച് 18ന് റാങ്ക് ലിസ്റ്റ് റദ്ദായി. സബ് എൻജിനീയർ-ഇലക്ട്രിക്കൽ, ജൂനിയർ അസിസ്റ്റന്റ്/ക്യാഷർ, തസ്തികകളിൽ റാങ്ക് ലിസ്റ്റുണ്ടെങ്കിലും നിയമനം നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.