കൊച്ചി: കോവിഷീൽഡ് വാക്‌സിനെടുത്തതിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈകോടതിയിൽ.
ഏക മകളും പി.ജി വിദ്യാർഥിനിയുമായ നോവ സാബു മരിച്ചത് ചൂണ്ടിക്കാട്ടി പത്തനംതിട്ട കാട്ടൂർ സ്വദേശി സാബു സി. തോമസ്, ഭാര്യ ജീൻ ജോർജ് എന്നിവരാണ് വാക്‌സിൻ നിർമാതാക്കളായ സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ കമ്പനി, പാർട്‌ണറായ ബിൽഗേറ്റ്സ്, കേന്ദ്ര -സംസ്ഥാന സർക്കാറുകൾ എന്നിവർക്കെതിരെ ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി.
19കാരിയായ മകൾ 2021 ജൂലൈ 28ന് കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു. ഇതിനുശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നോവയെ കോഴഞ്ചേരി എം.ജി.എം ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 2021 ആഗസ്റ്റ് 12ന് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നും വാക്സിനെടുത്തതിന്റെ പാർശ്വ ഫലമാണിതെന്നും ഹരജിയിൽ പറയുന്നു. മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ ജില്ല മെഡിക്കൽ ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് ആദ്യ ഡോസ് വാക്‌സിനെടുത്തശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്നും വാക്സിൻ എടുത്തവരിൽ അപൂർവമായി ഉണ്ടാകാറുള്ള 'ത്രോംബോസൈറ്റോപ്‌നിയ' എന്ന അവസ്ഥയാണ് മരണകാരണമെന്നും ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി.
കേന്ദ്ര സർക്കാർ നിർബന്ധമാക്കിയതിനെ തുടർന്നാണ് മകൾ വാക്സിൻ എടുത്തതെന്നും പാർശ്വഫലങ്ങളും അപകടവും വ്യക്തമാക്കാതെയാണ് ആശുപത്രി അധികൃതർ കുത്തിവെച്ചതെന്നും ഹരജിയിൽ ആരോപിക്കുന്നു. ഒരു കോടി രൂപ ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.