തിരുവനന്തപുരം: വാക്സിൻ വാങ്ങൽ നടപടികളുടെ ഭാഗമായി കേരളത്തിന് എത്ര ഡോസ് വാക്സിൻ നൽകാൻ സാധിക്കുമെന്ന് കമ്പനികളോട് സംസ്ഥാന സർക്കാർ ആരാഞ്ഞു. എന്നാൽ, കൃത്യമായ മറുപടി കമ്പനികൾ നൽകിയിട്ടില്ല. കമ്പനികളുടെ മറുപടി ലഭിച്ചശേഷമായിരിക്കും ഒാർഡർ നൽകുക. കോവാക്സിനെ അപേക്ഷിച്ചു കോവിഷീൽഡ് വാക്സിന് വില കുറവായതിനാൽ അതിന് ആദ്യ പരിഗണന നൽകാനായിരുന്നു തീരുമാനം.
എന്നാൽ, വാക്സിൻ ക്ഷാമത്തിെൻറ പശ്ചാത്തലത്തിൽ കമ്പനികൾ എത്ര ലഭ്യമാക്കുമെന്നറിഞ്ഞശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്. രണ്ടു വാക്സിനുകളും പകുതി വീതം വാങ്ങാനാണ് വിദഗ്ധസമിതി ശിപാർശ നൽകിയിരുന്നത്.
കോവാക്സിന് 600 രൂപയാണ് വില, കോവിഷീൽഡിന് 400 ഉം. വിലക്കപ്പുറം ലഭ്യത പരിഗണിച്ചാകും ഒാർഡർ നൽകുക. ചീഫ് സെക്രട്ടറി വി.പി. ജോയി, ധനവകുപ്പ് മേധാവി ആർ.കെ. സിങ്, ആരോഗ്യവകുപ്പ് മേധാവി രാജൻ കോബ്രഗഡെ എന്നിവരാണ് വാക്സിൻ വാങ്ങൽ തീരുമാനിക്കാനുള്ള സമിതിയിലുള്ളത്. ഇതിനകം വാക്സിൻ എടുത്തവർക്ക് കേന്ദ്രം സൗജന്യമായിതന്നെ നൽകുമെന്നാണ് സംസ്ഥാനത്തിെൻറ പ്രതീക്ഷ. 45 വയസ്സിന് മുകളിലുള്ള 1.13 കോടി പേർക്കും 4.98 ലക്ഷം ആരോഗ്യപ്രവർത്തകർക്കും 4.78 ലക്ഷം മുന്നണി പോരാളികൾക്കുമാണ് കേന്ദ്രത്തിെൻറ വാക്സിൻ ലഭിക്കുന്നത്.
18 ന് മുകളിലുള്ളവർക്ക് 28 മുതൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കോവിൻ പോർട്ടലിൽ സജ്ജമാകും. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്സിനെടുക്കാന്‍ പണം നല്‍കണമെന്നും വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ മാത്രമാണെന്നുമായിക്കുമെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, വേഗത്തിൽ ട്വീറ്റ് പിൻവലിക്കുകയും സർക്കാർ കേന്ദ്രങ്ങളിലും വാക്സിനുണ്ടാകുമെന്ന് വിശദീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.