കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ കൂട്ടസ്ഥലംമാറ്റം. വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയുമാണ് സ്ഥലംമാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 66 പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നേരത്തെ എസ്.ഐ ഉൾപ്പെടെ മൂന്നു പേരെ സസ്‍പെൻഡ് ചെയ്തിരുന്നു. വടകര എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുൺ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വില്യാപ്പള്ളി കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവനാണ് (32) 14-ാം തീയതി രാത്രി വടകര പൊലീസ് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും എതിർ വാഹനത്തിലുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. ആദ്യം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് ശനിയാഴ്ച സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി മൊയ്‌തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
യുവാവിന്റെ മരണത്തിനിടയാക്കിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. മരണത്തിൽ പൊലീസ് വീഴ്ച സംഭവിച്ചതായുള്ള വിലയിരുത്തലിൽ വടകര എസ്.ഐ, എ.എസ്.ഐ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ എന്നിവരെ ഡി.ഐ.ജി രാഹുൽ ആർ. നായർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അന്വേഷണം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഘത്തെ ഏൽപിച്ചത്.
കുഴഞ്ഞു വീണിട്ടും ആശുപത്രിയിൽ എത്തിച്ചില്ല
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതോടെ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടു പോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയാറായില്ല. കുഴഞ്ഞു വീഴുന്നത് കണ്ട ഓട്ടോ തൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്നും കൂടെയുണ്ടായിരുന്നവർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.