കാക്കനാട്: ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവം കേട്ട് തളർന്നുവീണ് വൈഗയുടെ അമ്മ. പ്രതി സനു മോഹനെ ചോദ്യം ചെയ്യുന്നതിനിടെയാണ് വൈഗയുടെ മാതാവ് രമ്യ കുഴഞ്ഞുവീണത്. രമ്യയുടെ സാന്നിധ്യത്തിൽ നടന്ന ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സനു മോഹൻ വിവരിക്കുന്നത് കേട്ട് രക്തസമ്മർദം കുറഞ്ഞതിനത്തുടർന്ന് തളർന്ന് വീഴുകയായിരുന്നു.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ഇവരെ സനുവിനൊപ്പം ചോദ്യം ചെയ്തത്. ആദ്യമെല്ലാം ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തല താഴ്ത്തിയിരിക്കുകയായിരുന്ന സനു ഒടുവിലാണ് ഇക്കാര്യങ്ങൾ ഏറ്റുപറഞ്ഞത്. തൃക്കാക്കര എ.സി.പി ആർ. ശ്രീകാന്തിന്റെ നേതൃത്വത്തിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു. രമ്യയുടെ പിതാവിനെയും വിളിച്ചുവരുത്തിയിരുന്നു.
സനുവിെൻറ സഹോദരൻ കഴിഞ്ഞ ദിവസം ഇയാളെ കാണാൻ എത്തിയിരുന്നു. സനു നൽകിയ മൊഴികളിലെ വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാര്യയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്. സനുവിെൻറ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ചോദ്യം ചെയ്തെന്നാണ് വിവരം. സനു മോഹനുമൊത്ത് സംസ്ഥാനത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിനിടെ ഇയാൾ നൽകിയ മൊഴികൾ കള്ളമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഒളിവിൽ കഴിയവേ പല തവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന മൊഴി തെറ്റാണെന്നാണ് പൊലീസ് പറയുന്നത്.
സനുവിെൻറ പൊലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കൂടുതൽ ചോദ്യം ചെയ്യലിന് ഇയാളെ വീണ്ടും ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാല് ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം, സനു മോഹെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച അന്വേഷണത്തിന് മഹാരാഷ്ട്ര പൊലീസ് കൊച്ചിയിൽ എത്തി. മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ കേസുള്ള സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.