കോഴിക്കോട്: വൈക്കം - വെച്ചൂർ ഗോഡ് വികസനത്തിന് 15.14 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഗസറ്റ് വിജ്ഞാപനം. കോട്ടയത്ത് വൈക്കം താലൂക്കിൽ തലയാഴം, വെച്ചൂർ വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആകെ 902 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. കോട്ടയം ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടറെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചു.
സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശമുള്ള വ്യക്തികൾ 15 ദിവസത്തിനുള്ളിലോ ഈ വിഷയത്തിൽ പബ്ലിക് നോട്ടീസ് ലഭിച്ചതിന് ശേഷമോ രേഖാമൂലം വൈക്കത്ത് മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന എൽ.എ (കിഫ്ബി) സ്പെഷ്യൽ തഹാസിൽദാർ (വൈക്കം, കോട്ടയം) അപേക്ഷ നൽകണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന എതിർ പരാതികളും പ്രസാതവനകളും പരാതിക്കാർക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന് തെളിയിക്കാത്ത പരാതികളും നിരസിക്കും.
പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ രണ്ട് കുടുംബങ്ങളുടെ വീട് പൂർണായും നഷ്ടപ്പെടും. വാടക അടിസ്ഥാനത്തിൽ കച്ചവടം നടത്തുന്ന 23 കടയുടമകളെ ഭൂവുടമകൾ നടത്തുന്ന 16 കച്ചവട സ്ഥാപനങ്ങളും രണ്ട് ആരാധനാലയങ്ങളും ഉൾപ്പെടെ ഏകദേശം 803 ഭൂവുടമകളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് വൈക്കം-വെച്ചൂർ റോഡ്. വാഹനങ്ങൾക്ക് ഇരുദിശകളിലേക്ക് കടന്നുപോകുന്നതിന് നിലവിൽ ആവശ്യമായ വീതിയില്ല. അതിനാൽ റോഡിന് വീതികൂട്ടാതെ മുന്നോട്ട് പോകാനാവില്ല. ഗതാഗതക്കുരുക്കും അപകടവും നിത്യ സംഭവമാണ്.
വൈക്കത്ത് നിന്ന് കോട്ടയത്ത് എത്താനുള്ള ദൂരംകുറഞ്ഞ പാതയാണിത്. കോട്ടയത്തെ മലയോരമേഖലകളിൽനിന്ന് തീരദേശ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നിവിടങ്ങലിലേക്ക് ചരക്ക് നീക്കം നടത്താനും ഈ റോഡ് ഉപകരിക്കും. ടൂറിസ പ്രാധാന്യമുള്ള കുമരകത്തേക്ക് എത്തുന്നതിനും ആശ്രയിക്കുന്ന റോഡാണിത്.
പദ്ധതി പൂർത്തിയാകുന്നതോടെ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. പ്രദേശത്തെ വാണിജ്യ- വ്യവസായ പുരോഗതിക്ക് റോഡ് വികസനം വഴിതെളിക്കുമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.