കോഴിക്കോട്: അടിസ്ഥാന വർഗത്തിൻെറ കാവൽ മാലാഖമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ശ്രീജിത്ത് പെരുമന. കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീൽ വെടിയുതിർത്തിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻെറ പ്രതികരണം.
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് അധികാരത്തിൻെറ വാളിനാൽ മനുഷ്യരെ കൊല്ലുന്നത് എത്ര വലിയ കുറ്റവാളിയെ ആണെങ്കിലും പ്രകൃതി നിയമങ്ങൾക്കു എതിരാണ്. വധ ശിക്ഷക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരത നേടിയ ദൈവത്തിൻെറ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിൻെറ കാവൽ മാലാഖാമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറിച്ചു.
അങ്ങനെ ഒരു സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകത്തിൻെറകൂടി ചുരുളഴിയുന്നു
വൈത്തിരി വെടിവെപ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ജലീലിന്‍റെ വലതുകയ്യിൽ വെടിമരുന്നിന്‍റെ അംശം ഇല്ല, സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസിന്‍റെ തോക്കിൽ നിന്നുള്ളത്.
ആവർത്തിച്ചു പറഞ്ഞില്ലേ കമ്മ്യുണിസ്റ്റ് ഭരണകൂടത്തോട് 'വെടിവെച്ചു കൊല്ലുകയല്ല, നേർ വഴിക്ക് നയിക്കുകയാണ് വേണ്ടത്' എന്ന്. എന്താണ് നിയമം പറയുന്നത് ? ഉത്തരം: 'കൊല്ലരുത്'. കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന് ?
എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്സൽ നേതാവ് വർഗീസിന് ശേഷം സംസ്ഥാനത്ത് മാവോവാദത്തിെൻറ പേരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടത് മൂന്നു വർഷങ്ങൾക്ക് മുമ്പായിരുന്നു. നിലമ്പൂരിലെ കരുളായി കാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗം ദേവരാജനും സഹായി അജിതയുമാണ് കൊല്ലപ്പെട്ടത്. വയനാട് വൈത്തിരിയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ലീഡർ സി.പി. ജലീലും കൊല്ലപ്പെട്ടിരുന്നു. വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിൻെറ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യം നാം പ്രത്യേകം ഓർക്കേണ്ടതാണ്.
നിയമ വാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്തു നിയമപരമായ പ്രോസസ്സുകളിലൂടെയല്ലാതെ എങ്ങനെ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ സാധിക്കും? ഏറ്റുമുട്ടൽ നടത്തുകയാണെങ്കിൽപോലും ജീവനോടെ പിടികൂടി വിചാരണ നടത്തി ശിക്ഷ നൽകുകയാണ് വേണ്ടത്.
വധശിക്ഷ നൽകുകയാണെങ്കിൽപോലും കൃത്യമായ വിചാരണയും നടപടികളും പൂർത്തിയാക്കേണ്ടതും അതിനനുസൃതമായി ജുഡീഷ്യൽ റിവ്യൂകൾ പോലും നടത്താൻ അവകാശമുള്ള രാജ്യത്തു എങ്ങനെ വയോധികരായ രണ്ടു സമര പ്രവർത്തകരെ പച്ചക്ക് വെടിവച്ചു കൊല്ലാൻ ഭരണകൂടങ്ങൾക്കോ പൊലീസിനോ സാധിക്കും ?
ഇസ്രത് ജഹാൻ കേസിലും സൊഹ്റാബുദീൻ ഷേഖ് കേസിലും ഏറ്റവും ഒടുവിൽ ഭോപാൽ കേസിലും ഒളിഞ്ഞിരുന്ന വ്യാജ ഏറ്റുമുട്ടൽ കഥകൾ നമുക്കെങ്ങനെ മറക്കാനാകും ?
Prakash Kadam and Ors. V. Ramprasad Vishwanath Gupta and Anr. കേസിൽ സുപ്രീം കോടതി അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് ഏറ്റുമുട്ടലുകളിൽ പ്രതികളെന്ന് സംശയിക്കുന്നവരെയോ പ്രതികളെ തന്നെയോ കൊല്ലുന്നതിനു പൊലീസിന് അധികാരമില്ല എന്ന്. മാത്രവുമല്ല അത്തരം ഏറ്റുമുട്ടലുകൾമറ്റേതു കൊലപാതങ്ങൾപോലെ തന്നെ കൊലപാതകങ്ങളാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു.
Satyavir Singh Rathi, Assistant Commissioner of Police and Ors. V. State through Central Bureau of Investigation കേസിൽ ശരിയായ ഉദ്ദേശത്തിൽ നടത്തിയ ഏറ്റുമുട്ടലാണെങ്കിൽ പോലും കൊലക്കുറ്റത്തിന് പൊലീസിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
D.K. Basu v. State of West Bengal കേസിൽ പൊലീസ് സേനകൾ നടത്തുന്ന ഏറ്റുമുട്ടലുകൾ മനുഷ്യത്വ പരമായിരിക്കണം എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.
അതിലെല്ലാമുപരി ബഹു കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച ഒരു ചരിത്രപരമായ വിധി പറയുന്നത് 'മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല' എന്നാണ്. മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമോ രാജ്യദ്രോഹപരമോ ആകുമ്പോൾ മാത്രമേ അറസ്റ്റു ചെയ്യുന്നതിനോ തടവിൽ വെക്കുന്നതിനോ അധികാരമുള്ളൂ എന്നും കോടതി നിരീക്ഷിച്ചിരുന്നു.
എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പൊലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പി.യു.സി.എൽ കേസിൽ വ്യാജ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ 16 ഗൈഡ്ലൈനുകൾ സുപ്രീം കോടതി നൽകിയിട്ടുണ്ട്
ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഈ രാജ്യത്തു ജീവിക്കുന്നതിനു കൃത്യമായ അവകാശങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണക്കും ഭരണഘടന അനുശാസിക്കുന്നു. സ്റ്റേറ്റ് സ്പോൺസേർഡ് തീവ്രവാദം എന്നുപോലും പലപ്പോഴും കോടതികൾക്ക് വിളിക്കേണ്ടിവന്നിട്ടുള്ളത് പൊലീസും മറ്റു സേനകളും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ വാർത്തകളെ തുടർന്നാണ്.
എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പൊലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
2004 മുതൽ 2014 വരെയുള്ള പത്തു വർഷത്തിനിടയിൽ 10900 ആളുകൾ ഏറ്റുമുട്ടലുകളും 2527 ആളുകൾ പൊലീസ് വെടിവെപ്പിലും 16465 ആളുകൾ പൊലീസ് കസ്റ്റഡിയിലും മരിച്ചിട്ടുണ്ടെന്ന കണക്കുകൾ അക്ഷരാർത്ഥത്തിൽ നമ്മുടെ മനസാക്ഷിയെ പിടിച്ചുലക്കുന്നതും ഭരണകൂടത്തിലെ ജനാധിപത്യത്തിലുമുള്ള വിശ്വാസ്യത തകർക്കുന്നതുമാണ്.
തോക്കിൻ കുഴലിലൂടെ വിപ്ലവം, ആയുധ പരിശീലനങ്ങൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയോടു ഒരു വിധത്തിലും നമുക്ക് യോജിക്കാൻ സാധിക്കുകയില്ല. കാട്ടിലൂടെ നടത്തുന്ന ഒളിപ്പോരും ആക്രമണങ്ങളും നിശ്ചയമായും അടിച്ചമർത്തേണ്ടതും കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പുവരുത്തേണ്ടതും രാജ്യത്തിൻെറ സുരക്ഷക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാം ലംഘിച്ചുകൊണ്ട് അധികാരത്തിൻെറ വാളിനാൽ മനുഷ്യരെ കൊള്ളുന്നത് അതെത്ര വലിയ കുറ്റവാളിയെ ആണെങ്കിലും പ്രകൃതി നിയമങ്ങൾക്കു എതിരാണ്. വധ ശിക്ഷയ്ക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കാവൽ മാലാഖമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് എന്നത് അങ്ങേയറ്റം അപലപനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.