പാലക്കാട്: നീതിയെ ചോദ്യചിഹ്നമാക്കി മാറ്റിയ കേസന്വേഷണമാണ് വാളയാർ പീഡന കേസിൽ നടന്നത്. ഉന്നതബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും അന്വേഷണത്തെ എത്രത്തോളം വളച്ചൊടിക്കാനാകുമെന്ന യാഥാർഥ്യവും വാളയാറിൽ കേരളം കണ്ടു. എന്നാൽ, ഒമ്പതും 13ഉം മാത്രം പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ കഴുക്കോലിൽ തൂങ്ങിയാടിയ കാഴ്ച ആർക്കും മറക്കാനായിരുന്നില്ല. പ്രതികളെ വെറുതെവിട്ട ഉത്തരവിനെതിരെ നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് പ്രോസിക്യൂഷൻ അപ്പീൽ പോയതും പുനർവിചാരണക്ക് കോടതി ഉത്തരവിട്ടതും.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യ മരണത്തിന്‍റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

2017 മാർച്ചിൽ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരായയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കേസിൽ ആദ്യം മുതൽ ഉദാസീനതയാണ് പൊലീസ് വരുത്തിയത്. ആദ്യം മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്.ഐ പി.സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന് കൈമാറിയത്.

കേസിൽ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്‌കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് കേസിൽ ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.

സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയ കുറ്റപത്രമാണ് 2017 ജൂണിൽ കോടതിയിൽ സമർപ്പിച്ചത്. പതിനാറുകാരൻ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലായിരുന്നു കേസ്.

2019 ഒക്ടോബറിൽ പ്രതിചേർക്കപ്പെട്ട നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിടാൻ പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഉത്തരവിടുകയായിരുന്നു.

അന്വേഷണ സംഘത്തിന്‍റെ വീഴ്ച പകൽപോലെ വ്യക്തമായ കേസാണ് വാളയാർ പീഡനകേസ്. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വിവാദമുയർന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചത്. ആദ്യ അന്വേഷണത്തിൽ വീഴ്ച കാണിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യുകയും സി.ഐക്കും ഡിവൈ.എസ്.പിക്കും എതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

പെൺകുട്ടികൾ കൊല്ല​​പ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്​.പി സോജൻ നിർബന്ധിച്ചതായി കുട്ടികളുടെ പിതാവ് ​ വെളിപ്പെടുത്തിയിരുന്നു.

പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ വീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണ​െമന്ന ്​ ജുഡീഷ്യൽ അന്വേഷണ കമീഷൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ, പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിട്ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ കമീഷൻ സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച വാളയാർ മുൻ എസ്.ഐ പ ി.സി. ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെൺകുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

ശക്തമായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ അതൊന്നും ഉപയോഗിക്കാൻ അന്വേഷണ സംഘം ശ്രമിച്ചില്ല. കേസിൽ വിധി പറയുന്ന ദിവസം പോലും കുടുംബത്തെ അറിയിച്ചില്ലെന്ന മാതാവിന്‍റെ വാക്കുകളിൽ വ്യക്തമായിരുന്നു കേസ് അന്വേഷണത്തിൽ പൊലീസിനുള്ള താൽപര്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.