തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ സർവിസ്, കൊച്ചി വാട്ടർ മെട്രോ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്.
കൊച്ചിയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. 10.30ന് സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്ഓഫ് നിർവഹിക്കും. 11ഓടെ സെൻട്രൽ സ്റ്റേഡിയത്തിൽ പദ്ധതികളുടെ ഉദ്ഘാടനം നടക്കും.
ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെർമിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ - പളനി - പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം 12.40 ഓടെ പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ സൂറത്തിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.