വണ്ടിപ്പെരിയാറിലെ പ്രീ-മെട്രിക് ഹോസ്റ്റൽ: 2.12 കോടി രൂപ ചെലവഴിച്ചത് ആർക്കുവേണ്ടി?

കൊച്ചി: വണ്ടിപ്പെരിയാറിൽ പെൺകുട്ടികൾക്കായി പ്രീ-മെട്രിക് ഹോസ്റ്റൽ നിർമാക്കാൻ പട്ടികജാതി ഫണ്ടിൽനിന്ന് 2.12 കോടി രൂപ ചെലവഴിച്ചത് പാഴായെന്ന് പരിശോധനാ റിപ്പോർട്ട്. പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിന് സ്ഥലം അനുയോജ്യമല്ലെന്നാണ് കണ്ടെത്തൽ. അതിനാൽ ഹോസ്റ്റൽ കെട്ടിടം 2021 ഫെബ്രുവരി 17-ന് ഔദ്യോഗികമായി ഉദ്ഘാടനവും ചെയ്തുവെങ്കിലും തുറക്കാൻ കഴിഞ്ഞില്ല.

വണ്ടിപ്പെരിയാറിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലത്ത്പ്രീ-മെട്രിക് ഹോസ്റ്റൽ നിർമിച്ചത് 30 പെൺകുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിനാണ്. 2014 നവംമ്പർ 20 ലെ ഉത്തരവ് പ്രകാരം മൊത്തം 2.12 കോടി ചെലവ് അനുമതി ലഭിച്ചു. ഹോസ്റ്റൽ നിർമാണത്തിന് 2010 നവംമ്പർ 25 ലെ ഉത്തരവ് പ്രകാരം തുക വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകി.

അതനുസരിച്ച് 577.79 ചതുരശ്ര അടി (താഴത്തെ നില -369.162, ഒന്നാം നില 198.06 ) വിസ്തീർണ്ണമുള്ള കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി. 30 കുട്ടികൾക്കും അഞ്ച് ജീവനക്കാരും താമസം. ഇടുക്കിയിലെ പി.ഡബ്ല്യു.ഡി ബിൽഡിങ് ഡിവിഷനാണ് വൈദ്യുതീകരണത്തിനും ഒരു കുഴൽ കിണറിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ തയാറാക്കിയത്. എസ്റ്റിമേറ്റ് റിപ്പോർട്ട് പ്രകാരം 60 ശതമാനം പാറക്കെട്ടുകളും 40 ശതമാനം സാധാരണ പാറകളുമുള്ള ചരിഞ്ഞ ഭൂമിയാണ് ലഭിച്ചത്. 2016 ജൂൺ 28ന് പി.ഡബ്ല്യു.ഡി.യുമായി കരാർ ഒപ്പിട്ടു. അത് പ്രകാരം കരാർ തീയതി മുതൽ 18 മാസത്തിൽ നിർമാണം പൂർത്തിയാകും. എന്നാൽ 2018-ൽ മാത്രമാണ് നിർമാണം ആരംഭിച്ചത്. 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കി. കെട്ടിടം 2021 ഫെബ്രുവരി 17-ന് ഔദ്യോഗികമായി ഉദ്ഘാടനവും ചെയ്തു.

2018 ഏപ്രിൽ 20 ന് എസ്‌.സി ജില്ലാ വികസന ഓഫീസർ സ്ഥലം സന്ദർശിച്ചപ്പോൾ, വകുപ്പ് കണ്ടെത്തിയ സ്ഥലം പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റൽ നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം ഓഡിറ്റ് തുടർന്നും ശ്രദ്ധയിൽപ്പെട്ടു. ഭൂമി പാറ നിറഞ്ഞതായിരുന്നു. ജലദൗർലഭ്യമുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഭൂമി. ഒറ്റപ്പെട്ട പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിലെ വിദ്യാർഥിനികൾക്ക് സാമൂഹികവിരുധരുടെ ഭീഷണിയെക്കുറിച്ച് എസ്‌.സി വകുപ്പിലെ ഉന്നത അധികാരികൾക്കും റിപ്പോർട്ട് നൽകി. ഇക്കാരണങ്ങളാൽ ഹോസ്റ്റലിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ ജില്ലാ വികസന ഓഫീസർ ശുപാർശ ചെയ്തെങ്കിലും അത് നിരസിച്ചു.

2016 ജൂണിൽ കരാറൊപ്പിട്ടെങ്കിലും രണ്ടുവർഷത്തിലേറെയായി പ്രവൃത്തികൾ തുടങ്ങാൻ കാലതാമസം നേരിട്ടത് സ്ഥലത്തിന് അനുയോജ്യമല്ലാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ്. എന്നാൽ, എസ്.സി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2019 ഡിസംബർ 19ലെ കത്തിൽ 2017 ഏപ്രിൽ 26 ലെ റിപ്പോർട്ടിനെ എതിർത്തു. കാരണം വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇതിനകം തന്നെ ഭരണാനുമതി നൽകിയിരുന്നു.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 23 മുതൽ 2020 ജൂലൈ ആറ് വരെയുള്ള കാലയളവിലെ ചുമതലയുള്ള ജില്ലാ പട്ടികജാതി ഓഫീസർ 2019 ജൂലൈ 16 ന് വീണ്ടും സ്ഥലപരിശോധന നടത്തി പോസിറ്റീവ് റിപ്പോർട്ട് സമർപ്പിച്ചു. ഹോസ്റ്റലിൽ തടസമില്ലാത്ത ജലവിതരണത്തിന്‍റെ ഉറവിടത്തിനായി ക്രമീകരണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. പുതിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവൃത്തി പുനരാരംഭിച്ചു. നാല് വർഷത്തിലധികം കാലതാമസത്തിന് ശേഷം 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ, ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടും ഹോസ്റ്റൽ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഭരണാനുമതി ലഭിക്കുന്നതിന് മുമ്പ് ഗേൾസ് ഹോസ്റ്റലിന് ഭൂമി അനുയോജ്യമാണോയെന്ന് ഉറപ്പാക്കാൻ സ്‌പോട്ട് സർവേ നടത്തുന്നതിൽ വകുപ്പിന് വീഴ്ച സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പട്ടികജാതി വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മുൻകൂർ നിർമാണത്തിന് ഭരണാനുമതി നൽകിയതെന്നും കണ്ടെത്തി.

വണ്ടിപ്പെരിയാറിൽ പെൺകുട്ടികൾക്കായി പ്രീ-മെട്രിക് ഹോസ്റ്റൽ നിർമാക്കാൻ പട്ടികജാതി ഫണ്ടിൽനിന്ന് 2.12 കോടി രൂപ ചെലവഴിച്ചത് ആർക്കുവേണ്ടി?, പെൺകുട്ടികളെ പാർപ്പിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലമാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും തുക ചെലവഴിച്ചത് എന്തിനാണ്?, ആദിവാസികളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടത് പട്ടികജാതി വകുപ്പാണ്. 

Tags:    
News Summary - vandiperiyar pri metric hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.