കൊച്ചി: കോളിളക്കം സൃഷ്ടിച്ച വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് ഡി.എച്ച്.ആര്.എം പ്രവർത്തകരിൽ ആറുപേരെയും ഹൈകോടതി വെറുതെവിട്ടു. മുന്‍ സംസ്ഥാന ചെയര്‍മാനടക്കം ആറ് പ്രതികളെ വെറുതെവിട്ട ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, അഞ്ചാം പ്രതിക്കെതിരെ വധശ്രമക്കേസ് മാത്രം നിലനിർത്തി കൊലപാതകമടക്കം കുറ്റങ്ങൾ ഒഴിവാക്കി. തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിനശിക്ഷ ചോദ്യംചെയ്ത് ഏഴുപേരും നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആര്.എം) മുന്‍ സംസ്ഥാന ചെയര്മാന് ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശികളായ ജയചന്ദ്രന്, മധു എന്ന സജി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന് എന്ന സുനില്‍ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. അതേസമയം, അഞ്ചാംപ്രതി കൊല്ലം മുട്ടക്കാവ് ചേരി സ്വദേശി സുധിക്ക് വധശ്രമ കേസിൽ പങ്കുണ്ടെന്ന് വിലയിരുത്തി കോടതി പത്തുവർഷത്തെ തടവുശിക്ഷ മാത്രം ശരിവെച്ചു.
2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ച വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്. ശിവപ്രസാദിനെ ആക്രമിച്ചശേഷം സമീപത്തെ ക്ഷേത്രത്തിനടുത്തുവെച്ച് അനില്‍കുമാര്‍ എന്നയാളെ വെട്ടാന്‍ ഓടിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ടുപോയ പ്രതികള്‍ കരിനിലക്കോട്ടുവെച്ച് ചായക്കടക്കാരന് അശോകനെ വെട്ടിക്കൊല്ലാനും ശ്രമിച്ചു. വെട്ടേറ്റ ഇദ്ദേഹം വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പ്രതികള്‍ പിന്മാറിയത്. ഡി.എച്ച്.ആര്.എം എന്ന സംഘടന ശ്രദ്ധിക്കപ്പെടാനും സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനുമാണ് പ്രതികള്‍ ആക്രമണങ്ങൾ നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2009 ഡിസംബര്‍ 23നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ് 15ാം പ്രതിയായിരുന്ന തത്തു എന്ന അനില്‍കുമാര്‍ മരിച്ചു. ആറാം പ്രതി മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയി. 11ാം പ്രതി സജീവിനെയും പിടികൂടാനായിട്ടില്ല. 2016 മാർച്ച് 31നാണ് സെഷൻസ് കോടതിയുടെ ശിക്ഷ വിധിയുണ്ടായത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിന് പുറമെ വധശ്രമത്തിന് 10 വര്‍ഷവും ഗൂഢാലോചനക്ക് ഏഴുവര്‍ഷവും അന്യായമായി സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്ക് ഒരോ വര്‍ഷം വീതവുമാണ് വിധിച്ചിരുന്നത്. 2.95 ലക്ഷം വീതം ഓരോ പ്രതിക്കും പിഴയും ചുമത്തിയതിന് പുറമെ ശിവപ്രസാദിന്റെ ഭാര്യക്ക് ആറുലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
ഒരുതരത്തിലും പ്രതികളുമായോ എന്തെങ്കിലും ക്രിമിനൽ പ്രവൃത്തികളുമായോ ബന്ധമില്ലാത്ത സാധാരണക്കാരായ ചിലർ അക്രമിക്കപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ക്രൂരമായ ആക്രമണമാണ് നിരപരാധികൾക്ക് മേലുണ്ടായത്. എന്നാൽ, പ്രതികൾക്കെതിരെ ശക്തമായ തെളിവുകണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനയടക്കം കുറ്റകൃത്യം നടന്നിടത്തൊക്കെ പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികൾ വിശ്വസനീയമല്ലാത്തതും സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതുമാണ്. സംഘടനയുടെ യോഗം പലതവണ ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടപ്പാക്കിയതെന്ന വാദം ശരിവെക്കാനുള്ള മതിയായ തെളിവുകൾ ലഭ്യമല്ല. കൃത്യത്തിന് ദൃക്സാക്ഷികളുമില്ല. എന്നാൽ, തന്നെ വെട്ടിയത് അഞ്ചാംപ്രതി സുധിയാണെന്ന പരിക്കേറ്റയാളുടെ മൊഴി വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ചായയും സിഗരറ്റും ചോദിച്ച് എത്തിയായാളാണ് തന്നെ ആക്രമിച്ചതെന്ന് ചായക്കടക്കാരനായ അശോകൻ മൊഴി നൽകിയിട്ടുണ്ട്.
മങ്ങിയ വെളിച്ചത്തിലാണെങ്കിലും തൊട്ടടുത്തുനിന്ന് ഈ സാധനങ്ങൾ ചോദിച്ചപ്പോഴും പിന്നീട് ആക്രമിച്ചപ്പോഴും സുധിയുടെ മുഖം കൃത്യമായി കണ്ടെന്ന മൊഴി വിശ്വസനീയമാണെന്ന് വിലയിരുത്തിയാണ് അഞ്ചാം പ്രതിക്കെതിരെ വധശ്രമക്കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. തെളിവുകളുടെ അഭാവത്തിൽ ബാക്കി ആറുപേരെയും വെറുതെവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.