കണ്ണൂർ: സംഘ്പരിവാറിന് കേരളത്തിൽ സ്വാധീനം ലഭിക്കുകയാണെങ്കിൽ ആദ്യം മായ്ച്ചുകളയുന്നത് ശബരിമലയിലെ വാവര് പള്ളിയായിരിക്കുമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. കേന്ദ്രസർക്കാർ പതുക്കെപ്പതുക്കെ പല സ്ഥലനാമങ്ങളും പല സ്ഥലങ്ങളും മായ്ച്ചുകളയുകയാണ്. വാവര് പള്ളിയും പൊളിക്കും. ശബരിമലയിലെ അതിമനോഹരമായ സങ്കൽപമാണ് വാവര് പള്ളിയെന്നും ചരിത്രമന്വേഷിച്ച് നൂറ്റാണ്ടിന്റെ പിറകിലേക്കൊന്നും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് കണ്ണൂരിൽ സംഘടിപ്പിച്ച ഓണ സൗഹൃദ സദസ്സിൽ സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ.
ചന്ദ്രനെ ഹിന്ദുക്കളുടെ സ്വത്തായി പ്രഖ്യാപിക്കണമെന്ന് ഹിന്ദുമഹാസഭ നേതാവ് പറയുന്നു. ചന്ദ്രനിൽ അന്യമതസ്ഥർ ഉണ്ടാകരുതെന്നും പറയുന്നു. ഈ നൂറ്റാണ്ടിൽ ഇങ്ങനെ പറയാനും അത് വിശ്വസിക്കാനും ആളുണ്ടാകുന്നു. വല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ മതങ്ങളിലും ഭ്രാന്തന്മാരുടെ എണ്ണം വർധിക്കുന്നു. അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്ക് വിദേശപഠനം താലിബാൻ വിലക്കി.
ക്രിസ്തുമതത്തിലും ധാരാളം മതഭ്രാന്തന്മാരുണ്ട്. ഇത്തരക്കാരുടെയും സംഘ്പരിവാറിന്റെയും ശക്തി വർധിക്കുകയാണ്. ഇതിലൊന്നുംപെടാത്തവരുടെ സ്ഥിതി ദയനീയമാവും. ജീവിച്ചുപോകണമെങ്കിൽ ഏതെങ്കിലും ഒരുപക്ഷം ചേർന്നേ പറ്റൂ എന്ന നില വന്നേക്കും. ആ സ്ഥിതി വരാതിരിക്കട്ടെ എന്നാണ് പ്രാർഥന.
എല്ലാ മനുഷ്യരെയും ആശ്ലേഷിക്കുന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ഭക്തി. അത് സഹിക്കാനാവാത്തതിനാലാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ആരാണ് കൊന്നതെന്ന് ഞാൻ പറയുന്നില്ല. ആ കാരണത്തിൽ എന്റെ പേരിൽ കേസുവരും. ഇവിടെയൊന്നും ആകില്ല, അങ്ങ് വടക്ക് ഗുജറാത്തിൽ എവിടെയെങ്കിലുമാകും കേസ്. ഈ പ്രായാധിക്യമുള്ള ഞാൻ അവിടെ കോടതി കയറേണ്ടിവരും. ഭേദവിചാരമില്ലാതെ അവനവന്റെ നിലയിൽ ജീവിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.