കെ.ടി.യുവിൽ വി.സി-സിൻഡിക്കേറ്റ് പരസ്യ പോര്



തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) വി.സിയും സിൻഡിക്കേറ്റംഗങ്ങളും പരസ്യ ഏറ്റുമുട്ടലിൽ. വി.സിയെ പുറത്താക്കാൻ സർക്കാർ ഗവർണറോട് ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ചു. ആരോപണങ്ങൾ തള്ളി വി.സി വാർത്തകുറിപ്പിറക്കുകയും ചെയ്തു. വി.സി ഡോ. സിസ തോമസിന്‍റെ നടപടികൾ സർവകലാശാല പ്രവർത്തനം സ്തംഭനത്തിലാക്കിയെന്നും സിൻഡിക്കേറ്റംഗങ്ങൾ ആരോപിച്ചു. എന്നാൽ അനുമതിയില്ലാതെയാണ് സിൻഡിക്കേറ്റംഗങ്ങൾ വാർത്തസമ്മേളനം നടത്തിയതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡോ. സിസ വാർത്തകുറിപ്പിലൂടെ തിരിച്ചടിച്ചു. വിദ്യാർഥികൾക്കിടയിൽ ആശങ്ക പരത്താനാണ് സിൻഡിക്കേറ്റംഗങ്ങൾ ശ്രമിച്ചതെന്നും സർവകലാശാലയിൽ ഭരണ സ്തംഭനം ഇല്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ സിന്‍ഡിക്കേറ്റിന്‍റെയും ബോര്‍ഡ് ഓഫ് ഗവേണന്‍സിന്‍റെയും തീരുമാനങ്ങളിൽ വി.സി ഒപ്പ് വെക്കുന്നില്ലെന്നും സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണെന്നും സിൻഡിക്കേറ്റംഗങ്ങൾ ആരോപിച്ചു. വിദ്യാര്‍ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകള്‍ നടത്താനാകാത്ത സ്ഥിതിയാണ്. ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിഎച്ച്.ഡി പ്രവേശനം മുടങ്ങിയെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ ആരോപിച്ചു. പരീക്ഷ പരിഷ്ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കാൻ തീരുമാനിച്ച ഓൺ സ്ക്രീൻ മാർക്കിങ്, ഓൺലൈൻ പരീക്ഷ രീതികൾ നടപ്പാക്കുന്നത് അട്ടിമറിക്കപ്പെടുന്നതായും സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ഐ. സാജു, ജി. സഞ്ജീവ്, ബി.എസ് ജമുന, പ്രഫ. വിനോദ് ജേക്കബ് എന്നിവർ ആരോപിച്ചു.

എന്നാൽ സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് വി.സി മറുപടി നൽകി. ചട്ടവിരുദ്ധമായി വി.സിയുടെ അധികാരങ്ങൾ നിയന്ത്രിക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണേഴ്സും എടുത്ത തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തുകയും ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ മറുപടി ലഭിക്കുന്ന മുറക്ക് തുടർനടപടിയെടുക്കുമെന്നും വി.സി അറിയിച്ചു. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഡോ. സിസയെ ഗവര്‍ണര്‍ താൽക്കാലിക വി.സിയായി നിയമിച്ചത്.

Tags:    
News Summary - VC-syndicate ad war KTU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.