തിരുവനന്തപുരം: അന്‍വറിനെക്കൊണ്ട് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേ പിണറായി വിജയനെതിരെ അന്‍വര്‍ ഇനി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ? അതാണ് കാലത്തിന്റെ കാവ്യനീതി. അത് സംഭവിച്ചു കഴിഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. രാഷ്ട്രീയമായ തീരുമാനം രാഷ്ട്രീയമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കും. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ഓരോ ചാനലുകളും ഓരോ ദിവസവും ഓരോരുത്തരെ യു.ഡി.എഫിലേക്ക് എടുക്കുകയാണ്. ഒരു ദിവസം അന്‍വറിനെയും ഒരു ദിവസം ജമാഅത്തെ ഇസ്ലാമിയെയും ഒരു ദിവസം ജോസ് കെ. മാണിയെയും എടുത്തു. അതെങ്കിലും തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് വിട്ടുതരണമെന്നതാണ് മാധ്യമങ്ങളോടുള്ള അഭ്യർഥന. നിങ്ങള്‍ ഓരോരുത്തരും ഓരോ ദിവസം യു.ഡി.എഫിലേക്ക് ഓരോരുത്തരെ എടുത്തു കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് എന്നോട് വന്ന് എന്തായെന്ന് ചോദിക്കുന്നത്.
വയനാട്ടിലെ ഡി.സി.സി ട്രഷററുടെ മരണം സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് കുടുംബാംഗങ്ങള്‍ കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരോട് തന്നെ വിശദമായി ചോദിച്ചറിഞ്ഞു. എന്നിട്ടാണ് രാവിലെ ഒരു ചാനലില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍, ഈ കത്ത് കിട്ടിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും നിങ്ങള്‍ക്ക് എന്താണ് അഭിപ്രായമെന്നും ചോദിച്ചത്. ഇങ്ങനെ മാധ്യമ പ്രവര്‍ത്തനം നടത്തരുത്. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴാണ് അതേക്കുറിച്ച് പ്രതികരിക്കുന്നത്.
ആ കത്ത് എന്റെ കയ്യില്‍ കിട്ടി. പറവൂരിലെ ഓഫീസില്‍ വന്നാണ് കത്ത് നല്‍കിയത്. കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന് ആ മാധ്യമ പ്രവര്‍ത്തകന്‍ മകനോടും ഭാര്യയോടുമാണ് ചോദിച്ചത്. അവരെ പ്രകോപിപ്പിച്ച് എനിക്കെതിരെ പറയിക്കാനാണ് ശ്രമിച്ചത്. എന്തിനാണ് ഇങ്ങനെയുള്ള പണിക്ക് പോകുന്നത്? ഇതാണോ മാധ്യമ പ്രവര്‍ത്തനം? പാര്‍ട്ടിയിലെ എല്ലാവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് അവരോട് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ കത്ത് പുറത്തു വന്നു. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ അതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയ ചുമതലപ്പെടുത്തി. ആ കമ്മിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ബാലിശമാണ്.
എന്താണ് സംഭവമെന്ന് ആദ്യം അന്വേഷിക്കട്ടെ. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരാതെ പ്രതികരിക്കുന്നത് ശരിയല്ല. കത്തുമായി എത്തിയപ്പോള്‍ ഞാന്‍ മോശമായി പെരുമാറിയിട്ടില്ല. ക്ലാരിറ്റി ഇല്ലെന്ന് ഞാന്‍ പറഞ്ഞെന്നൊണ് അവര്‍ പറഞ്ഞത്. അത് ശരിയാണ്. കത്തിലെ ചില ഭാഗങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല. അതേക്കുറിച്ച് ക്ലാരിറ്റി വരുത്തി. അവരുടെ മുന്നില്‍ വച്ചാണ് മുഴുവന്‍ വായിച്ചു നോക്കിയത്. മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഈ കത്ത് കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചാല്‍ അവര്‍ സ്വാഭാവികമായും പ്രകോപിതരാകും. എന്തിനാണ് ഇങ്ങനെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്? കത്ത് കിട്ടിയിട്ടില്ലെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആദ്യമായാണ് നിങ്ങള്‍ ഇതേക്കുറിച്ച് എന്നോട് ചോദിക്കുന്നത്.
കത്ത് നല്‍കിയിട്ട് 10 ദിവസം വെയിറ്റ് ചെയ്യുമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. എല്ലാവരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ട് ദിവസം മുന്‍പ് അവര്‍ തന്നെ കത്ത് പുറത്തുവിട്ടു. അന്വേഷിച്ച് ഒരു തീരുമാനം എടുക്കണ്ടേ? കെ.പി.സി.സി പ്രസിഡന്റുമായും നേതാക്കളുമായും ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. അവരുടെ മുന്നില്‍ വച്ച് തന്നെയാണ് ഞാന്‍ കത്തിലെ ആദ്യ വാചകം മുതല്‍ അവസാന വാചകം വരെ വായിച്ചു മനസിലാക്കിയത്. വ്യക്തത കുറവുള്ള ഭാഗം അവരോട് ചോദിച്ചു മനസിലാക്കി. അതല്ലേ മര്യാദ.
സര്‍വകലാശാല വി.സിമാരെ കണ്ടെത്തുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് നല്ലതല്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഉള്ളപ്പോള്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്താനുള്ള അന്തരീക്ഷാണ് ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പല ഗവര്‍ണര്‍മാരും ചെയ്യുന്നത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യു.ജി.സി ഭേദഗതി. അത് ശരിയല്ല. ഈ സാഹചര്യത്തില്‍ വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ച് കേരളം ആലോചിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.