വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാർഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എല്‍.എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോള്‍ നിലച്ച മട്ടാണ്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഗുരുതര അലംഭാവമാണ് കാട്ടിയത്. തീരദേശവാസികളെയും അവഗണിച്ചു. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഇതിനിടയിലും ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂര്‍ത്തും പാഴ് ചെലവുകളുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan criticize Pinarayi Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.