കൽപറ്റ: മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ഡല്‍ഹിയില്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണസംവിധാനത്തെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് പോകുന്നതിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതി. പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചത്.
ആ നിലപാടിന് നേതൃത്വം നല്‍കിയതും പിണറായി വിജയനാണ്. സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനിടയില്‍ ഇടനിലക്കാരുണ്ട്. ഗുജറാത്ത് സര്‍ക്കാറും കേരള സര്‍ക്കാറും തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണ്. കണ്ണൂര്‍ നടാലില്‍ നടന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ സി.പി.എം ഗുണ്ടകളെ വിട്ടാണ് തല്ലിച്ചത്. തല്ലുകൊള്ളതെ സൂക്ഷിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
ഗുണ്ടാത്തലവന്മാരുടെ ഭാഷയാണ് സി.പി.എം സെക്രട്ടറിയുടേത്. അങ്ങനെ ഭീഷണിപ്പെടുത്താന്‍ വരേണ്ട. നന്ദിഗ്രാമിലും പൊലീസിനെ വിട്ടും ഗുണ്ടകളെ വിട്ടും സമരക്കാരെ അടിച്ചൊതുക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇവിടെയും പൊലീസിനെ വിട്ട് കരണത്തടിച്ചും ചവിട്ടിയും മതിവരാഞ്ഞ് ഗുണ്ടകളെ ഇറക്കി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഗുണ്ടാത്തലവന്‍മാരെ പോലെ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.