പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും -വി.ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരവാദിത്തമുള്ള ആളാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ വിവരം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റ്യാറ്റിയൂട്ടറി ബോഡിയായ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് വ്യക്തമാക്കിയിരിക്കുന്നത്. അല്ലാതെ മാധ്യമ ഗൂഡാലോചനയോ മാധ്യമ സൃഷ്ടിയോ അല്ല. എന്താണ് പറയുന്നതെന്ന് പോലും എം.വി ഗോവിന്ദന് അറിയില്ല. ആറു മാസത്തിലേറെയായി കേരളത്തിന്‍റെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ഇദ്ദേഹം ഒരു ആകാശവാണിയായി പ്രവർത്തിക്കുകയാണ്. ആകാശവാണിയെ പോലെ മുഖ്യമന്ത്രിയോട് ഒന്നും ചോദിക്കാന്‍ പറ്റില്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.

ഭരണരംഗത്തെ കെടുകാര്യസ്ഥതയില്‍ ഏഴ് വര്‍ഷം കൊണ്ട് ഗുരുതരമായ ധനപ്രതിസന്ധിയാണ ഈ സര്‍ക്കാര്‍ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത്. ആറ് ഡി.എകളിലായി പതിനെണ്ണായിരം കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പെന്‍ഷനുകളെല്ലാം മുടങ്ങി. ട്രഷറിയില്‍ നിന്നും 5 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകളൊന്നും നല്‍കുന്നില്ല. എന്നിട്ടാണ് വികസനം ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ സ്ഥിരം രീതി. കെ ഫോണിനും എ.ഐ കാമറയ്ക്കും എതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത്. മാസപ്പടി വിവാദത്തില്‍ ആരോപണം ഉന്നയിച്ചതിനാണ് മാത്യു കുഴല്‍നാടനെതിരെ കേസെടുക്കുന്നത്. പ്രതികളാകേണ്ടവര്‍ക്കെതിരെയല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്നവര്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്ത് അത് ഇ.ഡിക്ക് നല്‍കി.

ഒരു വികസനവും നടത്താതെയാണോ 53 വര്‍ഷവും ഉമ്മന്‍ ചാണ്ടി വിജയിച്ചത്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അദ്ദേഹം ബുക്ക്‌ലെറ്റുകള്‍ ഇറക്കി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ജനങ്ങള്‍ക്കറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.