‘മന്ത്രി വായില്‍ക്കൊള്ളുന്ന വര്‍ത്തമാനം പറഞ്ഞാല്‍ പോരെ; ഞാന്‍ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും’

കൊച്ചി: പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്ക് അപമാനമാണെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി വി.ഡി. സതീശൻ. ഉന്നത വിദ്യാഭ്യാസമന്ത്രി വായില്‍ക്കൊള്ളുന്ന വര്‍ത്തമാനം പറഞ്ഞാല്‍ പോരെ എന്ന് സതീശൻ തിരിച്ചടിച്ചു.

കണ്ണൂര്‍ വി.സി നിയമനത്തില്‍ ഇടപെട്ടെന്ന സുപ്രീംകോടതി വിധി കഴുത്തില്‍ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണെന്ന് മന്ത്രി ആർ. ബിന്ദുവിനെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവര്‍ പറവൂരില്‍ തീര്‍ത്തത്. ഞാന്‍ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മന്ത്രിക്ക് വായില്‍ക്കൊള്ളുന്ന വര്‍ത്തമാനം പറഞ്ഞാല്‍ പോരെ. മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നില്‍ക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പറവൂരില്‍ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വായപോയ കോടാലിയാണ് സജി ചെറിയാന്‍. ഗോള്‍വാള്‍ക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രിസ്ഥാനം പോയ ആളാണ്. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്.

തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളില്‍ മന്ത്രി സജി ചെറിയാന്‍ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാര്‍ നടത്തിയ തലൂക്ക് അദാലത്തില്‍ ലഭിച്ച ലക്ഷക്കണക്കിന് പരാതികള്‍ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സര്‍ക്കാര്‍ ദയനീയ സ്ഥിതിയില്‍ ആയതു കൊണ്ടാണ് ഇത്രയും പരാതികള്‍ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നല്‍കിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാന്‍ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - VD Satheesan react to Minister R Bindhu's Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.