പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വി.ഡി സതീശൻ

കൊച്ചി: നിയമസഭാ സ്പീക്കര്‍ അറിയിച്ചതിന് ശേഷം വി.ഡി സതീശന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ എം.എല്‍.എമാര്‍ക്കും വിദേശത്ത് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണം. പലരും അത് എടുക്കാറില്ല. പക്ഷെ ഈ തീരുമാനം സര്‍ക്കുലര്‍ വഴി നിയമസഭാ സ്പീക്കര്‍ അറിയിച്ചതിന് ശേഷം വി.ഡി സതീശന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ല. അതിന്റെ എല്ലാ ഫയലുമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സി.പി.എമ്മിന്റെ മുഴുവന്‍ എം.എല്‍.എമാരും പോയിരിക്കുന്നത് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെയാണ്. എനിക്കെതിരെ പലതും പറയുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാ വിദേശ യാത്രകളിലും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് എടുത്തിട്ടുണ്ട്. 81 തവണ വിദേശത്ത് പോയെന്നതാണ് മറ്റൊരു ആരോപണം. പാസ്‌പോര്‍ട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാമെന്നും അതിന്റെ പകുതി തവണയെങ്കില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താമെന്നും നിയമസഭയില്‍ പറഞ്ഞിരുന്നു.

പുനർജനി പദ്ധതിക്ക് വേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ല. നാട്ടില്‍ ഒരു അക്കൗണ്ട് പോലുമില്ല. ഡോണറെയും ബെനിഫിഷറിയെയും ഞങ്ങള്‍ തന്നെ കണ്ടെത്തും. ഡോണര്‍ നേരിട്ട് വന്ന് വീട് വച്ചില്ലെങ്കില്‍ ഞങ്ങളുടെ പാനലില്‍ നിന്നുള്ള കരാറുകാരനെ പണി ഏല്‍പ്പിക്കും. കരാറുകാരന് ഘട്ടം ഘട്ടമായി ഡോണര്‍ പണം നല്‍കും. ആയിരക്കണക്കിന് തയ്യല്‍ മെഷീനുകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്.

കോവിഡ് കാലത്ത് മരുന്ന് വിതരണം ഉള്‍പ്പെടെ നടത്തി. വിദേശത്ത് താനും സ്പീക്കറും പങ്കെടുത്ത പരിപാടിയില്‍ വികാരപരമായി സംസാരിച്ചു പോയി. പ്രളയത്തില്‍ ഏറ്റവും അധികം വീടുകള്‍ നഷ്ടപ്പെട്ടത് തന്റെ മണ്ഡലത്തിലായിരുന്നു. തൊട്ടുപിന്നാലെ ആസാദ് മൂപ്പന്‍ 25 വീടുകള്‍ വച്ച് തരാമെന്ന് പറഞ്ഞു. ആസ്റ്റര്‍ ഹോംസ് നിർമിച്ച വീടുകള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.പി വേള്‍ഡും വീട് വച്ചു നല്‍കി.

കൊച്ചിയിലെ റോട്ടറി ക്ലബ്ബുകളെല്ലാം ചേര്‍ന്ന് തൊണ്ണൂറോളം വീടുകള്‍ നിർമിച്ചു. വിദേശ മലയാളികകളും സഹായിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്നരക്കോടിയുടെ മെഡിസിന്‍ ലഭിച്ചു. എറണാകുളത്തെ എല്ലാ ആശുപത്രികളും പറവൂര്‍ മണ്ഡലത്തില്‍ ഒരാഴ്ചത്തെ കാമ്പ് നടത്തി. ഒന്നര ലക്ഷം പേരെയാണ് അന്ന് പ്രളയം ബാധിച്ചത്. യഥാർഥത്തില്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്തത്. അതാണ് തന്റെ ധൈര്യം. വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ഇതൊരു മോഡല്‍ റീബില്‍ഡാണെന്ന റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു.

News Summary - VD Satheesan said that he did not go abroad without political clearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.