മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്ന ഉപജാപകസംഘം നയിക്കുന്ന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ഇരിക്കുന്ന ഉപജാപകസംഘം നയിക്കുന്ന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൂക്കോട് വെറ്റനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കൊലക്ക് കൂട്ടുനിന്ന ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ ഉണ്ടായിരുന്നയാള്‍ പാര്‍ട്ടി വിട്ടപ്പോള്‍ കൊല്ലാന്‍ ഉത്തരവ് നല്‍കിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന, ക്രിമിനല്‍ മനസുള്ളയാള്‍ കേരളം ഭരിക്കുമ്പോള്‍ സിദ്ധാർഥന്റെ കൊലപാതകം കേരള പൊലീസ് അന്വേഷിക്കേണ്ട. പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ പ്രതികളെ രക്ഷിക്കും. കൊലക്ക് കൂട്ടുനിന്ന ഡീനിനെയും ഇടപെട്ട അധ്യാപകരെയും പിരിച്ചു വിട്ട് കേസില്‍ പ്രതിയാക്കണം.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാർഥന്റേത്. നൂറ്റിമുപ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിസ്ത്രനാക്കി, ക്രൂരമായി മർദിച്ച് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടാണ് സിദ്ധാർഥനെ കൊലപ്പെടുത്തിയത്. മുഖത്തും താടിയെല്ലിലും നട്ടെല്ലിലും നെഞ്ചിലും ഉള്‍പ്പെടെ 19 ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇന്‍ക്വസ്റ്റിലും പോസ്റ്റാമാര്‍ട്ടത്തിലും ഇത് കണ്ടെത്തിയിട്ടും പിണറായിയുടെ പൊലീസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്? എന്തുകൊണ്ടാണ് അക്രമ വിവരം മൂടിവച്ചത്. സിദ്ധാർഥന്റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. വിവാദമായതിനു ശേഷമാണ് പൊലീസ് രംഗപ്രവേശം ചെയ്തത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചപ്പോള്‍ മുന്‍ എം.എല്‍.എയായ സി.പി.എം നേതാവ് ഹാജരായി.

സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ കുടുംബത്തെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കിയതു പോലെ സിദ്ധാര്‍ത്ഥനെതിരെയും കള്ളക്കഥയുണ്ടാക്കി. എന്നാല്‍ അത് പാളിപ്പോയി. കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗം.

19 മാരക മുറിവുകല്‍ ഉണ്ടായിട്ടും കൊലക്കുറ്റത്തിന് കേസെടുത്തില്ല. നിസാര വകുപ്പുകളിട്ട് ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുത്തത് പിണറായി വിജയനാണ്. ജീവന്‍രക്ഷാ പ്രവര്‍ത്തനം തുടരണമെന്ന മുഖ്യമന്ത്രിയും പ്രഖ്യാപനത്തിന് ശേഷം എത്രയെത്ര അക്രമസംഭവങ്ങളുണ്ടായി? എസ്.ഐയുടെ കരണം എസ്.എഫ്.ഐക്കാരന്‍ അടിച്ചു തകര്‍ത്തു.

ടി.പി ചന്ദശേഖരന്റെ തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയത് പോലെ ചാലക്കുടിയില്‍ പിണറായിയുടെ എസ്.ഐയെ പേപ്പട്ടിയെ പോലെ നടുറോഡിലിട്ട് തല്ലിക്കൊല്ലുമെന്നാണ് എസ്.എഫ്.ഐ നേതാവ് പ്രസംഗിച്ചത്. നീ പോയി കക്കൂസ് കഴുകെടായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ മറ്റൊരു ഉദ്യോഗസ്ഥന്‍ പാല്‍ക്കുപ്പിയും നല്‍കിയാണ് വാഹനത്തില്‍ കയറ്റിയത്. ക്രിമിനലുകളുടെ സംഘമാണ് എസ്.എഫ്.ഐ.

എന്റെ മകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐയില്‍ ചേര്‍ത്തെന്നാണ് പൂക്കോട് കോളജിലെ മുന്‍ പി.ടി.എ പ്രസിഡന്റ് പറഞ്ഞത്. മകന്റെ ചേര ഉപയോഗിച്ച് ഹോസ്റ്റല്‍ മുറിയുടെ ഭിത്തിയില്‍ എസ്.എഫ്.ഐ എന്നെഴുതി. ഇങ്ങനെയാണ് എസ്.എഫ്.ഐയില്‍ ആളെ ചേര്‍ക്കുന്നത്. എന്ത് വൃത്തികേട് കാണിച്ചാലും അതിന് കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ക്രിമിനലുകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവുമാണ്.

കൊയിലാണ്ടിയില്‍ ഇലക്ഷന് മത്സരിക്കാന്‍ വിസമ്മതിച്ച എസ്.എഫ്.ഐക്കാരനെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചു. എസ്.എഫ്.ഐക്കാര്‍ക്ക് പോലും രക്ഷയില്ല. ഇനിയും ഒരുപാട് പേരുടെ മൂക്കില്‍ നിന്നും ചോര തെറിപ്പിക്കുമെന്നാണ് ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തിയത്. എന്തൊരു ക്രൂരതയാണ് ഈ ക്രിമിനലുകള്‍ കാട്ടുന്നത്. കോളജില്‍ പോകുന്ന മക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് അമ്മമാര്‍. ജനങ്ങള്‍ക്കിടയില്‍ രോഷം തിളക്കുമ്പോഴാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സെക്യൂരിറ്റിക്കാരന്റെ പണിയല്ലെന്ന് പറഞ്ഞ ഡീനിന്റേത് അഹങ്കാരമാണ്.

സി.പി.എമ്മിന്റെ അധ്യാപക സംഘടന എന്ത് വൃത്തികേടിനും കൂട്ടുനില്‍ക്കും. എഴുതാത്ത പരീക്ഷ എസ്.എഫ്.ഐ സെക്രട്ടറി ജയിച്ച വിവരം പുറത്ത് പറഞ്ഞ അധ്യാപകനെ സ്ഥലംമാറ്റി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. വെള്ളരിക്കാ പട്ടണമാണ് പിണറായിയുടെ കാലത്തെ കേരളം. അതുകൊണ്ടു തന്നെ സിദ്ധാർഥന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം.

യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും കെ.എസ്.യുവുവും ഉയര്‍ത്തുന്നത് വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും ചെറുപ്പക്കാരുടെയും ആവശ്യങ്ങളാണ്. സമരത്തിന് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണപിന്തുണയുണ്ടാകും. ഈ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ മാത്രം ഒതുങ്ങുന്ന സമരം മാത്രമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ നിരാഹാരം കിടത്താന്‍ വിട്ടിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ കയറി ഇരിക്കുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സമരം കേരളം മുഴുവന്‍ ആളിപ്പടരും. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും. നിങ്ങളുടെ ദുര്‍ഭരണത്തിന് അവാസാനം ഉണ്ടായേ പറ്റൂയെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that he has no faith in the investigation by the police led by the subpoena group sitting in the Chief Minister's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.