ഇ.ഡി അന്വേഷണവുമായി സഹകരിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതിയില്‍ പറഞ്ഞിരിക്കുന്നതൊക്കെ അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിയിക്കാനുള്ള എല്ലാ രേഖകളും കൈയിലുണ്ടെന്നും സതീശൻ പറഞ്ഞു.

വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമുണ്ടാകുന്നത് സ്വാഭാവികമാണ്. എനിക്കെതിരെയുള്ള പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ല.

വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതി പരിശോധിക്കേണ്ടത് ഇ.ഡിയാണ്. ഇതേ പരാതിക്കാര്‍ തന്നെ മൂന്ന് വര്‍ഷം മുന്‍പ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. അന്ന് അവര്‍ ഈ അക്കൗണ്ടുകളൊക്കെ പരിശോധിക്കുകയും ചെയ്തതാണ്.

അന്വേഷിക്കാന്‍ അധികാരമില്ലെങ്കിലും വിജിലന്‍സ് അന്വേഷിച്ചാല്‍ ഇ.ഡി വരുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അങ്ങനെ പ്രതിപക്ഷ നേതാവിനെ ഇ.ഡിക്ക് മുന്നില്‍ കൊണ്ടു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഡെമോക്ലീസിന്റെ വാള്‍ പോലെ എപ്പോഴും തനിക്ക് നേരെ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. എന്നാല്‍പ്പിന്നെ പ്രതിപക്ഷ നേതാവിനെതിരെയും ഇ.ഡി അന്വേഷണം ഇരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയത്.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഇ.ഡി അന്വേഷണത്തോടെ കുറെ വര്‍ഷമായി നടത്തുന്ന ആരോപണങ്ങളില്‍ ഒരു തീരുമാനമുണ്ടാകുമല്ലോ. നിരന്തരമായ അധിക്ഷപങ്ങളും സൈബറിടങ്ങളില്‍ അനാവശ്യം പ്രചരിപ്പിക്കുന്നതിനും ഒരു പരിധിവരെ അവസാനമുണ്ടാകും. അതുകൊണ്ട് തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.

നിയമ വിരുദ്ധമായാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതെങ്കില്‍ അതിനെതിരെ പരാതിപ്പെടാന്‍ രാജ്യത്ത് കോടതികളുണ്ട്. അന്വേഷണം വഴിതെറ്റി രാഷ്ട്രീയ പ്രേരിതമായി പോകുകയാണെങ്കില്‍ അതേക്കുറിച്ച് അപ്പോള്‍ പറയാം. ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തത് കൊണ്ട് മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan said that he would cooperate with the ED investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.