അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് പാവങ്ങളുടെ റേഷന്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം :ഒരു ലക്ഷം ഡോളര്‍ വാങ്ങി ഡിന്നര്‍ കഴിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് കേരളത്തിലെ പാവങ്ങളുടെ റേഷന്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നമ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് നിയമസാധുതയാണ് ലോകകേരള സഭക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ നിയമസഭയെ അപമാനിക്കുന്നതിന് വേണ്ടി വ്യാപകമായ പിരിവ് നടത്തുകയാണ്. ആരാണ് പിരിവ് നടത്താന്‍ അധികാരം നല്‍കിയത്. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാന്‍ പോകുന്നത്. നെല്‍ സംഭരിച്ചിട്ട് പണം നല്‍കാന്‍ സപ്ലൈകോയെ രസീത് നല്‍കാന്‍ ബാങ്കുകളോ തയാറാകുന്നില്ല. 800 കോടി രൂപയിലധികമാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കാന്‍ പണമില്ലെങ്കിലും ധൂര്‍ത്തടിക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. യു.ഡി.എഫ് ആരംഭിച്ച കര്‍ഷക സംഗമത്തെ തുടര്‍ന്നുള്ള സമരമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ഇന്ന് കുട്ടനാട്ടില്‍ നടത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതില്‍ യു.ഡി.എഫ് പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ കര്‍ഷകരെ തിരിഞ്ഞ് നോക്കുന്നില്ല.

കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങളെല്ലാം ഒന്നിച്ച് കേടാകുമോയെന്ന ആരോഗ്യമന്ത്രിയുടെ ചോദ്യം വിഷയം പഠിക്കാതെ പറ്റിയ അബദ്ധമാണ്. ഒരു മന്ത്രിയും ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ല. കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത കമ്പനി സര്‍വീസ് നിര്‍ത്തുകയാണ്. ഇതോടെ ഉപകരം കേടാകുന്ന കുട്ടികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതേക്കുറിച്ച് മന്ത്രി ഗൗരവമായി പഠിക്കണം. മനസില്‍ ആര്‍ദ്രതയുടെ നനവുണ്ടെങ്കില്‍ ഇങ്ങനെ പറയുമോ? കുറച്ചു കൂടി ദയയോടെ വേണം കുട്ടികളോട് സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VD Satheesan said that the Chief Minister should prepare to fix the ration of the poor in Kerala before going to America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.