പാലക്കാട് : കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച പി.ആര്‍ ഏജന്‍സിയാണ് വീഡിയോ കഥയും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാനൂരില്‍ 26 ന് യു.ഡി.എഫുകാര്‍ക്ക് നേരെ എറിയാനിരുന്ന ബോംബ് തനിയെ പൊട്ടി സി.പി.എമ്മുകാരന്‍ മരിച്ചു. ഇതിന് പിന്നാലെ പൊട്ടിച്ച നുണ ബോംബായ വീഡിയോയും ചീറ്റിപ്പോയി. അശ്ലീല വീഡിയോ ഉണ്ടെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെയൊരു വീഡിയോ ഉണ്ടെങ്കില്‍ നടപടി എടുക്കാമെന്ന് യു.ഡി.എഫ് പറഞ്ഞു. പൊലീസോ മാധ്യമപ്രവര്‍ത്തകരോ ഇത്തരമൊരു വീഡിയോ കണ്ടിട്ടില്ല.
കെ.കെ ശൈലജ പൊലീസിന് നല്‍കിയ പരാതിയില്‍ വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. വീഡിയോ എന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് കെ.കെ ശൈലജ പിന്നീട് പറഞ്ഞത്. കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച പി.ആര്‍ ഏജന്‍സിയാണ് ഇതും ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രചരിപ്പിച്ചതും ഇതേ പി.ആര്‍ ഏജന്‍സിയാണ്.
28000 പേരുടെ മരണമാണ് ആരോഗ്യമന്ത്രി മറച്ചുവച്ചത്. ഇന്ത്യയില്‍ ആളുകള്‍ മരിച്ചതിലും കോവിഡ് ബാധിച്ചതിലും രണ്ടാം സ്ഥാനത്താണ് കേരളം. എന്നിട്ടും പി.ആര്‍ ഏജന്‍സിയെ വച്ച് അവാര്‍ഡ് വാങ്ങലും മാധ്യമങ്ങളില്‍ എഴുതലും മുഖ്യധാരാ മാധ്യമങ്ങളെ ട്രാപ്പിലാക്കുകയുമായിരുന്നു.
അതേ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും സ്ഥാനാർഥിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ നടക്കില്ല. 25 നാണ് സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മൂന്നാഴ്ച പരാതി പൂഴ്ത്തി. പരാതിയിൽ എന്തെങ്കിലും നടപടി എടുത്തോ? എന്നിട്ടാണ് തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കൈയില്‍ വച്ചാല്‍ മതി. ഞങ്ങളുടെ അടുത്ത് ചെലവാകില്ല.
തൃക്കാക്കരയിലും തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച വീഡിയോ ഇറക്കി. എന്നിട്ട് പ്രതിപക്ഷ നേതാവാണ് വീഡിയോ ഉണ്ടാക്കിയതെന്ന് പറഞ്ഞു. എന്നിട്ട് വീഡിയോ ഉണ്ടാക്കിയ ആളെ ഇതുവരെ അറസ്റ്റു ചെയ്‌തോ? ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ? സ്വന്തം പാര്‍ട്ടി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് അടിയില്‍ ക്യാമറ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയും നേതാവും ആയതിനാല്‍ തനിക്കെതിരെ മാന്യമായ പ്രചരണം നടത്തണമെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.
അവര്‍ക്കെതിരെ ഞങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഴിമതി കേസിലെ ഒന്നാം പ്രതിയാണ്. മൂന്ന് കമ്പനികളില്‍ 450 രൂപക്ക് പി.പി.ഇ കിറ്റ് കിട്ടിയ അതേ ദിവസം ബോംബെയിലെ സാന്‍ഫാര്‍മയില്‍ നിന്നും 1550 രൂപക്ക് പതിനായിരക്കണക്കിന് പി.പി.ഇ കിറ്റ് വാങ്ങിയ ആളാണ്. കോടതിയില്‍ പോയപ്പോള്‍ അന്വേഷണം നേരിടാനാണ് ഹൈക്കോടതി പറഞ്ഞത്. ഒന്നാം പ്രതിയായ അവര്‍ക്കെതിരെ ഞങ്ങള്‍ ഈ അഴിമതി ആരോപണം ഉന്നയിക്കും. എല്ലാ തെളിവുകളുമുണ്ട്. എല്ലാം മറച്ചുവച്ചാണ് പി.ആര്‍ കാമ്പയിന്‍ നടത്തിയത്. ഇല്ലാത്ത അശ്ലീല പോസ്റ്ററിന്റെ പേരിലാണ് കേസെടുക്കുന്നത്. മോദിയും സത്‌പേരിന് കളങ്കം ചാര്‍ത്തിയെന്ന് പറഞ്ഞ് കേസെടുക്കുന്ന പൊലീസ് എന്തും ചെയ്യും.
കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. സി.പി.എമ്മിനും ബി.ജെ.പിക്കും ഉറപ്പുള്ള ഒരു സീറ്റു പോലുമില്ല. രണ്ട് സീറ്റുകളിലും കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാർഥികള്‍ വിജയിക്കും. യു.ഡി.എഫിന് അനുകൂലമായ വലിയൊരു തരംഗം കേരളത്തിലുണ്ട്.
വര്‍ഗീയത ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയാണ് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടന്നത്. രണ്ട് മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. ഒരു കാലത്തും ഇല്ലാത്ത പ്രശ്‌നങ്ങള്‍ മനപൂര്‍വമായി ഉണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിക്കണം. കമീഷണറാണോ സര്‍വപ്രതാപി? മുഖ്യമന്ത്രി എന്ന് പറയുന്ന ആള്‍ക്ക് എന്താണ് ജോലി? രാത്രി പത്തര മണി മുതല്‍ ബഹളമായിരുന്നു. രണ്ട് മന്ത്രിമാരും ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും സ്ഥലത്തുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എപ്പോഴും ഉറക്കമാണോ. ആരും ഒന്നും പറഞ്ഞില്ലേ? ഡി.ജി.പി എവിടെയായിരുന്നു. ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയും സ്ഥലത്തുണ്ടായിരുന്നല്ലോ? നേരം പുലരുന്നതു വരെ കമീഷണര്‍ക്ക് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കുന്ന ആഭ്യന്തര വകുപ്പാണോ ഇവിടെയുള്ളത്. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി ഇരിക്കരുത്. ആ സ്ഥാനം ഒഴിയണം. അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നത്. തൃശൂര്‍ പൂരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വളം വച്ചുകൊടുക്കരുത്. മതേതര ഉത്സവമാണ് തൃശൂര്‍ പൂരം. പകല്‍ വെളിച്ചത്തിലാണ് വര്‍ണാഭമായ വെടിക്കെട്ട് നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.