എല്‍.ഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് വി.ഡി സതീശൻ; ശ്രേയാംസ്‌കുമാറിന്‍റെ വെളിപ്പെടുത്തലില്‍ കേസെടുക്കണം

കൊച്ചി: എല്‍.ഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് എല്‍.ഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണമാരംഭിച്ചതെന്നും സതീശൻ വ്യക്തമാക്കി.

ദേശാഭിമാനി പത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ആള്‍ മുതലുള്ള സി.പി.എം നേതാക്കളാണ് ശ്രേയാംസ് കുമാറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സി.പി.എം നേതാക്കളുടെ അറിവോടെയാണ് സൈബര്‍ വെട്ടുകിളിക്കൂട്ടം ഘടകകക്ഷി നേതാവിനെ ആക്രമിക്കുന്നത്. സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്കെതിരെയും മറ്റൊരു ഘടകകക്ഷിയായ സി.പി.ഐയും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. സി.പി.ഐ മുഖപത്രമായ ജനയുഗവും എസ്.എഫ്.ഐക്കും സി.പി.എമ്മിനുമെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുകയാണ്.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്ക് മേല്‍ പൊലീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ശ്രേയാംസ് കുമാര്‍ വെളിപ്പെടുത്തിയത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുന്ന വിചിത്രമായ കാഴ്ചയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ശ്രേയാംസ് കുമാറിന്റെ ഗുരുതരമായ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണ്? ഉന്നത ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്നും വി.ഡി സതീശൻ ചോദിച്ചു.

Tags:    
News Summary - VD Satheesan says disunity is growing in L.D.F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.