സോളാർ ഗൂഢാലോചന: കേരള പൊലീസിന്‍റെ അന്വേഷണം വേ​ണ്ടെന്ന്​ വി.ഡി. സതീശൻ

കൊച്ചി: സോളാര്‍ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്ന്​ തന്നെയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടെന്നും എന്നാൽ, കേരള പൊലീസിന്‍റെ അന്വേഷണം വേണ്ടെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. അന്വേഷണം ആവശ്യപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചയില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്​ കത്ത് നല്‍കാനാകില്ല. സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിതന്നെ മൊഴികൊടുത്ത കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ശക്തിപ്പെടുത്തണോ ഹൈകോടതിയെ സമീപിക്കണോ എന്ന്​ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. ലൈംഗിക ആരോപണത്തിന് വിധേയരായവരെ മനഃപൂര്‍വം കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യമാണ് യു.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടത്.

മന്ത്രിസഭ പുനഃസംഘടന എല്‍.ഡി.എഫിന്റെ ആഭ്യന്തരകാര്യമാണ്. മുഖം മിനുക്കി വരുമ്പോള്‍ കൂടുതല്‍ വികൃതമാകുമോയെന്ന് അപ്പോള്‍ നോക്കാം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി​ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. നടന്‍ അലന്‍സിയറുടെ പരാമര്‍ശം ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ കൂട്ടി​ച്ചേർത്തു.

Tags:    
News Summary - VD satheesan says no need for investigation by Kerala Police in Solar Conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.