വിമര്‍ശിക്കുന്നവരെ ജയിലിൽ അടക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കളാണെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ വേട്ടയാടാനും ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സംസ്‌ക്കാര സാഹിതിയുടെ പഠന കാമ്പായ വിചാര സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരംകൊല്ലം അടക്കിഭരിക്കാന്‍ പദ്ധതിയൊരുക്കിയ ഹിറ്റ്‌ലര്‍ക്ക് കേവലം രണ്ട് ദശകങ്ങളെ തുടരാനായുള്ളൂ. ഏകാധിപതികളെയെല്ലാം ജനങ്ങള്‍ വലിച്ചെറിഞ്ഞ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ പിണറായി എഴുതികൊണ്ടുവരുന്ന കടലാസ്‌ പോക്കറ്റില്‍നിന്നെടുത്ത് വായിക്കുകയും മന്ത്രിമാര്‍ കൈയടിച്ച് പാസാക്കുകയുമാണ്. ഒരു ചര്‍ച്ചയും ചോദ്യങ്ങളും നിയമപ്രശ്‌നങ്ങളുമൊന്നുമില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയെ സ്റ്റാലിനോടുപമിച്ച് വിമര്‍ശിച്ചപ്പോള്‍ സ്വതവേ ക്ഷോഭിക്കുകയും മുഖംകറുപ്പിക്കുകയും ചെയ്യാറുള്ള മുഖ്യമന്ത്രി അത് അംഗീകാരമായി കണ്ട് പുഞ്ചിരിക്കുകയായിരുന്നു. ഇത് കണ്ട് നാണംകെട്ട്‌പോയത് താനാണെന്നും സതീശന്‍ പറഞ്ഞു.

എതിര്‍ക്കുന്നരെപ്പോലും അംഗീകരിക്കുന്ന സംസ്‌ക്കാരമാണ് കോണ്‍ഗ്രസിന്റേത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും വിമര്‍ശകനായിരുന്ന അംബേദ്ക്കറെ നെഹ്‌റു തന്റെ മന്ത്രിസഭയിലെ നിയമമന്ത്രിയാക്കുകയാണ് ചെയ്തത്. ഭരണഘടനാ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും അംബേദ്ക്കര്‍ക്ക് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാഞ്ചിറയിലെ മാന്‍ഇവാനിയോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. ടാഗോര്‍ പുരസ്‌ക്കാരം കഥാകൃത്ത് ടി.പത്മനാഭന് നല്‍കി. ടി.പത്മനാഭന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ചെറിയാന്‍ ഫിലിപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, എന്‍.വി പ്രദീപ്കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, വി.ആര്‍ പ്രതാപന്‍ സംസാരിച്ചു.

പഠനക്യാമ്പില്‍ 'മതരാഷ്ട്രവാദം മതനിരപേക്ഷ സമൂഹത്തില്‍' എന്ന വിഷയം ഡോ. എം.എന്‍ കാരശേരി അവതരിപ്പിച്ചു. ഫാസിസ്റ്റ് കാലത്തെ എഴുത്തും ജീവിതവും' എന്ന വിഷയം കല്‍പ്പറ്റ നാരായണനും 'നവഫാസിസം ചരിത്രവും വര്‍ത്തമാനവും' കെ.ഇ.എന്‍ കുഞ്ഞഹമ്മദും അവതരിപ്പിച്ചു. 

Tags:    
News Summary - VD Satheesan says that rulers who try to jail critics are cowards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.