മാസപ്പടി: വീണ വിജയനെതിരെ ഉള്ളത് ഗുരുതര അഴിമതി ആരോപണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷം. അടിയന്തര പ്രമേയമായി അഴിമതി ഉന്നയിക്കാൻ നിയമപ്രകാരം കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

അഴിമതി ആരോപണം റൂൾ 50 ചൂണ്ടിക്കാട്ടി അവതരിപ്പിച്ചാൽ സബ്മിഷനായി അവതരിപ്പിക്കേണ്ട വിഷയമല്ലിത്. അഴിമതി ആരോപണം എഴുതി കൊടുത്താണ് ഉന്നയിക്കേണ്ടത്. അതിനാലാണ് സഭയിൽ ഉന്നയിക്കാതിരുന്നത്. ഈ വിഷയത്തിൽ യു.ഡി.എഫിന് വിമുഖതയില്ല. പ്രതിപക്ഷത്തിന്‍റെ മുൻഗണന മാധ്യമങ്ങൾ നിശ്ചയിക്കരുതെന്നും സതീശൻ വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾ വ്യവസായികളിൽ നിന്നും ബിസിനസുകാരിൽ നിന്നും സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചൂണ്ടിക്കാട്ടി. വീട്ടിലെ നാളികേരം വിറ്റ പൈസ കൊണ്ടല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ പ്രവർത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുപരിപാടികൾക്കായി ധനസമാഹരണം നടത്തും. അങ്ങനെ പാർട്ടി ചുമതലപ്പെടുത്തിയ ആളുകളാണ് പണം വാങ്ങിയത്. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് അക്കാലത്ത് സംഭാവന വാങ്ങാൻ ചുമതലപ്പെടുത്തിയത്. നിലവിൽ കെ.പി.സി.സി അധ്യക്ഷനെയും തന്നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് -വി.ഡി സതീശൻ വ്യക്തമാക്കി.

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഉള്ളത് ഗുരുതര അഴിമതി ആരോപണമാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. തെറ്റായ രീതിയിൽ കൈമാറ്റപ്പെട്ട പണം നിയമവിധേയമാക്കാൻ ഉണ്ടാക്കിയ കരാറാണ് എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ളതെന്ന കാര്യത്തിൽ സംശയമില്ല. കരാറിൽ പറഞ്ഞ കാര്യങ്ങളൊന്നും കമ്പനി ചെയ്ത് കൊടുത്തിട്ടില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയതാണ് വിഷയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan says that there are serious corruption allegations against Veena Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.