ഗ്രോ വാസുവിന്റെ മൃദുവായ ശബ്ദത്തെ പോലും ഈ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് വി.ഡി സതീശൻ

കോഴിക്കോട് : ഗ്രോ വാസുവെന്ന പൗരാവകാശ പ്രവര്‍ത്തകന്റെ മൃദുവായ ശബ്ദത്തെ പോലും ഈ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. 94 വയസുകാരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് വായ് പൊത്തിപ്പിടിച്ചതും തൊപ്പി ഉപയോഗിച്ച് മുഖം മറക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് എന്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് സതീശൻ ചോദിച്ചു.

ഇത് തീവ്രവലതുപക്ഷ സര്‍ക്കാരാണ്. മുദ്രാവാക്യം വിളിച്ചും പോരാട്ട വീര്യത്തിലൂടെയും കടന്നു വന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഗ്രോ വാസുവിന്റെ മൃദുവായ ശബ്ദത്തെ പോലും ഈ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. കേരളം ഭരിക്കുന്നത് തീവ്രവലതുപക്ഷ സര്‍ക്കാര്‍ ആണെന്നതിന്റെ പ്രതീകമാണ് ഗ്രോ വാസുവിന്റെ വായ് പൊലീസ് പൊത്തിപ്പിടിക്കുന്ന ചിത്രം. പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്നും സതീശൻ ചോദിച്ചു.

ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷിന ആവശ്യപ്പെട്ട 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അന്വേഷണത്തില്‍ ഹര്‍ഷിനയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നിയമസഭയിലും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിജിലന്‍സിന്റെ പ്രസക്തി ഇല്ലാതായിരിക്കുകയാണ്. അവര്‍ വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. പോക്‌സോ കേസില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടും തിരുവമ്പാടിയിലെ മുന്‍ എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കേസില്ല. തൃശൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സ്ത്രീയുടെ പരാതിയില്‍ തരംതാഴ്ത്തിയിട്ടും പരാതി പൊലീസിന് കൈമാറിയില്ല. ആലപ്പുഴയില്‍ ഇത്തരത്തിലുള്ള അര ഡസനിലധികം കേസുകളുണ്ട്. പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. എതിരാളികള്‍ക്കെതിരെ കേസെടുക്കുകയും പാര്‍ട്ടിക്കാരെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നതിനെതിരെ യു.ഡി.എഫ് ശക്തമായ നിലപാടെടുക്കും. 

Tags:    
News Summary - VD Satheesan says that this government is afraid of even the soft voice of Gro Vasu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.