കൂടിയാലോചനകളില്ലാതെ നാല് വര്‍ഷ ബിരുദ കോഴ്‌സ് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചനകള്‍ക്ക് പോലും തയാറാകാതെ ധൃതി പിടിച്ചുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതുമാണ്.

മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും. കരിക്കുലം പരിഷ്‌ക്കരിച്ചതിന് ശേഷം 2024-25 അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് നടപ്പാക്കിയാല്‍ മതിയെന്ന നിലപാടാണ് കേരള, എം.ജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ചത്.

എന്നാല്‍ ഈ അധ്യയന വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും. അക്കാദമിക്- ഭരണ രംഗങ്ങളിലെ രാഷ്ട്രീയവത്ക്കരണത്തിലൂടെയും പിന്‍വാതില്‍ നിയമനങ്ങളിലൂടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തിരക്കിട്ടുള്ള ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും തകര്‍ക്കും.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ പരിഷ്‌ക്കരണത്തിലൂടെ പിണറായി സര്‍ക്കാരും ചെയ്യുന്നത്. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ പോലും പുതിയ പരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ല.

മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പകരമായി സംസ്ഥാനത്ത് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണരുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചന നടത്തിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിനുള്ളത്. കീഴ് വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും ലംഘിച്ച് സര്‍ക്കാര്‍ കാട്ടുന്ന ധൃതി മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ പിന്തുണക്കലും അംഗീകരിക്കലുമല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്ന് വി.ഡി സതീശൻ ചോദിച്ചു. 

Tags:    
News Summary - VD Satheesan wants the government to withdraw from the decision to impose a four-year undergraduate course without consultation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.