തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത സി.പി.എമ്മും അവരുടെ വിദ്യാർഥി സംഘടനകളും ചേർന്ന് തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒരു സ്റ്റാഫ് ആസാമിൽ പോയി പി.എച്ച്.ഡി വാങ്ങിയിരിക്കുന്നു. അത് വ്യാജമാണെന്ന് കെ.എസ്.യു തെളിവുകൾ നിരത്തി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫായത് കൊണ്ട് അന്വേഷിക്കണ്ട എന്ന നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് വി.ഡി.സതീശൻ ചേദിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെയാണ് കെ.എസ്.യു ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പി.എച്ച്.ഡി വ്യാജമാണെന്നും പ്രബന്ധത്തിൽ 70 ശതമാനം കോപ്പിയടിയാണെന്നുമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചത്. കാളിയാടൻ സർക്കാർ ജോലിയും,പൂർണ സമയ ഗവേഷണവും ഒരേസമയം ചെയ്തു എന്നാണ് അവർ ഉന്നയിച്ച ആരോപണം.
"അദ്ദേഹം അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് റെഗുലർ പി.എച്ച്.ഡി കിട്ടില്ല. ഇവിടെ രണ്ടുകൊല്ലം കൊണ്ടാണ് പി.എച്ച്.ഡി കിട്ടിയിരിക്കുന്നത്. യു.ജി.സി റൂൾ അനുസരിച്ച് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും വേണം റെഗുലർ പി.എച്ച്.ഡി കിട്ടാൻ. പാർട് ടെം ആണെന്ന് പറഞ്ഞാൽ അതിന് നാല് വർഷം വേണം. ഇവിടെ മൂന്നോ, നാലോ അല്ല, വെറും രണ്ടുവർഷം കൊണ്ടാണ് നേടിയിരിക്കുന്നത്. മാത്രമവുമല്ല, ഭൂരിഭാഗവും കോപ്പിയടിച്ചാണ് തയാറാക്കിയിരിക്കുന്നത്. പി.എച്ച്.ഡി പ്രബന്ധം തയാറാക്കുമ്പോൾ 30 ശതമാനമൊക്കെ പകർത്താൻ അനുവദിക്കാറുണ്ട്. ഇദ്ദേഹം 70 ശതമാനവും പകർത്തിയതാണെന്ന് സോഫ്റ്റ് വെയർ ഉപയോഗിച്ച് കണ്ടെത്തിയാണ് കെ.എസ്.യു പരാതിപ്പെട്ടത്." വിഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പക്ഷേ, ഇതൊന്നും അന്വേഷിക്കാൻ സർക്കാർ തയാറാവുന്നില്ല. അപ്രിയ സത്യങ്ങൾ വിളിച്ച് പറയുന്നവരെയാണ് അവർ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാക്കളെയും മാധ്യമങ്ങളും വേട്ടയാടുന്നു. അതും കഴിഞ്ഞ ഇപ്പോൾ ജുഡീഷ്വറിയുടെ നേർക്കും തിരിഞ്ഞിരിക്കുകയാണ്. അപ്രിയമായ വിധിന്യായം എഴുതിയ ഹൈക്കോടതി ജഡ്ജിയെ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റിനെ കൊണ്ട് അധിക്ഷേപം നടത്തിക്കാനാണ് സി.പി.എം ശ്രമിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.