തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ആരവം ആറുന്നതിന് മുന്നേ ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം മുഖപ്രസംഗം മുന്നണി രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചയാകുന്നു.
ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണിയിലുയർന്ന അവകാശവാദത്തിന്റെയും തർക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയെ ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം രംഗത്തെത്തിയത്. ആർ.എസ്.പിയുടെയും ജനതാദളിന്റെയുമെല്ലാം അനുഭവങ്ങൾ അടിവരയിട്ട് ഘടകകക്ഷികളോടുള്ള സി.പി.എം സമീപം വിശദീകരിച്ച ശേഷം ‘സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നാണ്’ ജോസിനുള്ള വീക്ഷണത്തിന്റെ ഉപദേശം.
എന്നാൽ, ക്ഷണത്തെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുഖപ്രസംഗത്തിലെ ആവശ്യം അനവസരത്തിലുള്ളതാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യു.ഡി.എഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് തുറന്നടിച്ചത്. യു.ഡി.എഫിലെ ജോസഫ് വിഭാഗവും അതൃപ്തി പരസ്യപ്പെടുത്തി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന്റെ സാന്നിധ്യം മലയോരമേഖലകളിലടക്കം കുറവായിരുന്നെന്ന് യു.ഡി.എഫ് വിലയിരുത്തലുണ്ടായിരുന്നു.
ഫലം വരുന്നതോടെ മാണി കോൺഗ്രസിനുള്ളിലും തിരിച്ചുനടത്തത്തിനുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുമെന്ന് കരുതുന്ന ഘടകകക്ഷികൾ യു.ഡി.എഫിലുണ്ട്. നേതാക്കൾ പരസ്യമായി തള്ളുമ്പോഴും ഈ സാഹചര്യങ്ങളാണ് ഒരു മുഴം മുന്നേയുള്ള മുഖപ്രസംഗത്തിന് പിന്നിൽ. മുഖപത്രമെന്ന നിലയിൽ വീക്ഷണത്തിന്റെ മുഖപ്രസംഗം പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണ്. ലേഖനമാണെങ്കിൽ എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് വിശദീകരിച്ച് തള്ളാമെങ്കിലും ഇത് അങ്ങനെയല്ല.
2014 മുതൽ 2024 വരെ മുന്നണിയെന്ന നിലയിൽ യു.ഡി.എഫ് സ്വീകരിച്ച ഉദാരസമീപനങ്ങൾ മുഖപ്രസംഗം എണ്ണിപ്പറയുന്നുണ്ട്.
തിരുവനന്തപുരം: കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോണ്‍ഗ്രസോ യു.ഡി.എഫോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്തെ കേരള കോണ്‍ഗ്രസ്എസ് എം സ്ഥാനാർഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിഷയം യു.ഡി.എഫിന് മുന്നിലില്ലെന്നും സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
കോട്ടയം: കേരള കോൺഗ്രസ്-എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം ‘വീക്ഷണ’ത്തിൽ വന്ന മുഖപ്രസംഗത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ.
കേരള കോൺഗ്രസ്-എമ്മിനെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ട. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്-എം. തങ്ങൾ എൽ.ഡി.എഫിന്റെ ഭാഗമാണെന്നതിൽ ആർക്കാണ് സംശയമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ് എൽ.ഡി.എഫിൽ തുടരുന്നത്. ഇടതുപക്ഷത്തിൽനിന്ന് പോകേണ്ട ഒരുസാഹചര്യവുമില്ല. പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പൊതുവേദിയിലും രാഷ്ട്രീയമായി തീരുമാനിക്കേണ്ട കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും സംസാരിക്കും. എൽ.ഡി.എഫിൽ എന്നും ശക്തമായ സംരക്ഷണം പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. താൻ പി.ജെ. ജോസഫുമായി ചർച്ച നടത്തിയെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.