കോഴിക്കോട്ടെ അവയവ മാറ്റിവെയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്‍പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും പുനഃരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി വഴി 558.68 കോടി രൂപ ചെലവില്‍ ട്രാന്‍സ്‍പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

കോഴിക്കോട് ചേവായൂരില്‍ 20 ഏക്കറിലാണ് ട്രാന്‍സ്‍പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 6 നിലകളുള്ള 4 ബ്ലോക്കുകളുണ്ടാകും. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐ.സി.യു കിടക്കകള്‍, 83 എച്ച്.ഡി.യു കിടക്കകള്‍, 16 ഓപ്പറേഷന്‍ റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്‍സ്‍പ്ലാന്റേഷന്‍ ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്‍പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അവയവം മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാധ്യമാകും.

കോര്‍ണിയ, വൃക്ക, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകള്‍, ബോണ്‍ മാറ്റിവെയ്ക്കല്‍ തുടങ്ങിയവയെല്ലാം ഈ സെന്ററിലൂടെ സാധ്യമാകും.

Tags:    
News Summary - Veena George about organ transplant center in Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.