ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജ് വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുര്‍വേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളില്‍ ആയുര്‍വേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളുമായുള്ള ആശയ വിനിമയത്തില്‍ ആയുര്‍വേദ രംഗത്തു കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനോടൊപ്പം തന്നെ രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന സമഗ്രമായ സമീപനമാണ് ആയുര്‍വേദത്തിന്റേത്. ആയുര്‍വേദ ഗവേഷണം കേരളം നയിക്കണം. പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതല്‍ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി അതിനെ കൂട്ടിച്ചേര്‍ത്തു നല്ലൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തപ്പെട്ടത്.

അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ആയുര്‍വേദ കോളജില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ 800ല്‍ പരം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 85 ശതമാനത്തിലധികം വനിതകളാണ്. നിലവിലുള്ള വനിതാ ഹോസ്റ്റല്‍ ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥിനികളെ ഉള്‍കൊള്ളുന്നതിനു പര്യാപ്തമല്ല.

ഈ സാഹചര്യത്തിലാണ് 5.65 കോടി രൂപ ചെലവഴിച്ച് ഒരു പുതിയ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കിയത്. 33 ആധുനിക സൗകര്യങ്ങളുള്ള മുറികളും അടുക്കളയും ഹാളുകളും പഠനമുറികളും ഉള്‍പ്പടെയുള്ള സ്വകാര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പുതിയ വനിതാ ഹോസ്റ്റലില്‍ നൂറോളം വിദ്യാർഥിനികള്‍ക്ക് സുഖമായി താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ആയുവര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.ഡി. ശ്രീകുമാര്‍, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. രാജം, എം. ഷാജഹാന്‍, ഡോ. സി.എസ്. ശിവകുമാര്‍, വി.കെ. ഷീജ, ഡോ. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Veena George said that more employment opportunities and initiatives in the field of Ayurveda are the goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.