തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ പൂജപ്പുരയിലെ സംസ്ഥാനതല പരിശിലീന കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികള്‍ കാലാനുസൃതമായ പരിഷ്‌കരണങ്ങളോടെ സമയബന്ധിതമായി നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പിലെ അങ്കണവാടി പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് വിഷയാധിഷ്ഠിതവും നൂതനവുമായ തുടര്‍ പരിശീലനങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചിട്ടയായതും കാലാനുസൃതവുമായ പരിശീലനത്തിലൂടെ കാര്യക്ഷമമായി ജോലി നിര്‍വഹിക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനാണ് 2.5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനതല പരിശീലന കേന്ദ്രം സജ്ജമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട വകുപ്പിന് സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ നിലവില്‍ പരിശീലന കേന്ദ്രങ്ങള്‍ ഇല്ല.
അതിനാല്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ പരിശീലന പരിപാടികള്‍ക്ക് പലപ്പോഴും ഇതര വകുപ്പുകളുടേയോ, സ്ഥാപനങ്ങളുടേയോ സ്ഥലം വാടകയ്ക്ക് എടുത്തുകൊണ്ടാണ് പരിശീലനം നടത്തി വരുന്നത്. ഇത് പലപ്പോഴും സമയ ബന്ധിതമായി പരിശീലന പരിപാടികള്‍ ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും തടസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഈ പരിശീലന കേന്ദ്രം ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, ചീഫ് എഞ്ചിനീയര്‍ ബി. ഹരികൃഷ്ണന്‍, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.