നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ സിയ മെഹറിനെ വീണ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സിയയുമായും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

എസ്.എം.എ. ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന സിയക്ക് ഈ ശസ്ത്രക്രിയ ഏറെ ആശ്വാസമാണ്. നന്നായി നട്ടെല്ല് വളഞ്ഞിരുന്നതിനാല്‍ നേരെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനെല്ലാം വലിയ മാറ്റം വന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇനി പത്താം ക്ലാസിലാണ് സിയ. മന്ത്രി സിയക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മേയ് 25നാണ് ആരംഭിച്ചത്. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി.

ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലേയും അനസ്തേഷ്യ വിഭാഗത്തിലേയും നഴ്സിങ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും യാഥാര്‍ഥ്യമാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. കെ. അരുണ്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. അശോക് രാമകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Veena George visited Zia Meher after her recent surgery to correct the curvature of her spine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.