ആലപ്പുഴ: പുന്നമടയിൽ ആവേശത്തുഴയെറിഞ്ഞ് വീയപുരം ചുണ്ടൻ ജലരാജാവ്. 69ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ വീയപുരം ചുണ്ടന് കന്നികിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ തുടർച്ചയായ നാലാംകിരീടവും. ആവേശം കത്തിക്കയറിയ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ ഫോട്ടോഫിനിഷിലൂടെയാണ് അലനും എയ്ഡൻ കോശിയും ക്യാപ്റ്റനായ വീയപുരം ചുണ്ടൻ (4.21.22) മിനിറ്റിൽ ഒന്നാമതെത്തിയത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് (4.21.28) കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതെത്തിയത്. യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടനാണ് (4.22.22) മൂന്നാം സ്ഥാനം. കഴിഞ്ഞവർഷത്തെ ജേതാക്കളായ മഹാദേവികാട് കാട്ടില്‍തെക്കേതിൽ ചുണ്ടൻ (4.22.63) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹീറ്റ്‌സ് മത്സരങ്ങളിൽ ഏറ്റവും കുറവ് സമയമെടുത്ത നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
പള്ളാത്തുരുത്തി ബോട്ട്ക്ലബ് 2018ൽ പായിപ്പാട് ചുണ്ടനിൽ വിജയകിരീടം നേടിയാണ് ജൈത്രയാത്ര തുടങ്ങിയത്. 2019ൽ നടുഭാഗം ചുണ്ടനിലും 2022ൽ മഹാദേവികാട് കാട്ടിൽതെക്കേതിലും ഹാട്രിക്ക് നേടി. ഇതിനുപിന്നാലെയാണ് ഈവർഷത്തെ നാലാം വിജയം. ഫൈനലിന്‍റെ അതേ ആവേശത്തിലാണ് ലൂസേഴ്സ് ഫൈനലും നടന്നത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കുമരകം കൈപ്പുഴമുട്ട് എൻ.സി.ഡി.സി തുഴഞ്ഞ നിരണം ചുണ്ടന്‍ (4.33.75) ഒന്നാമതെത്തിയത്. ലൂസേഴ്സ് ഫൈനലിൽ മത്സരിച്ച ചുണ്ടനുകളായ തലവടി (4.33.82), കാരിച്ചാൽ (4.33.89), ദേവസ് (4.34.02) എന്നീ സമയങ്ങളാണ് കുറിച്ചത്. സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലിൽ ആനാരിയും തേഡ് ലൂസേഴ്സ് ഫൈനലിൽ ജവഹര്‍തായങ്കരിയും വിജയിച്ചു.
ചരിത്രത്തിലാദ്യമായി ട്രാക്കും സ്യൂട്ടും അണിഞ്ഞ് വനിതകൾ മത്സരിച്ച തെക്കനോടി തറ വിഭാഗത്തിൽ പുന്നമട സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിദ്യാർഥികൾ വിജയിച്ചു. ചെറുവള്ളങ്ങളുടെ മത്സരത്തിലെ വിജയികൾ, സമയം എന്നിങ്ങനെ: തെക്കനോടി തറ (വനിത): കാട്ടില്‍ തെക്കേതില്‍ (6.01.16)-സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ), തെക്കനോടി കെട്ട് (വനിത): കാട്ടില്‍ തെക്ക് (07.05.97)-പ്രണവം വനിത ബോട്ട് ക്ലബ് മുട്ടാർ, ഇരുട്ടുകുത്തി സി ഗ്രേഡ്: വടക്കുംപുറം (5.07.41)-പുനർജനി ബോട്ട് ക്ലബ്, വടക്കുംപുറം, ഇരുട്ടുകുത്തി എ ഗ്രേഡ്: മൂന്ന് തൈക്കല്‍ (4.41.69)-കൈരളി ബോട്ട് ക്ലബ്, ചെങ്ങളം), ഇരുട്ടുകുത്തി ബി ഗ്രേഡ്: തുരുത്തിപ്പുറം (4.41.69)-ഇരുത്തിപ്പുറം ബോട്ട് ക്ലബ്), ചുരുളന്‍- മൂഴി (5.26.33)-യുവദർശന ബോട്ട് ക്ലബ് കുമ്മനം, വെപ്പ് എ ഗ്രേഡ്: അമ്പലക്കടവൻ (4.40.80)-ഡ്രീം ക്യാച്ചേഴ്‌സ് ബോട്ട്, വെപ്പ് ബി ഗ്രേഡ്: പി.ജി കരിപ്പുഴ (4.58.59)-കവർണാർ സിറ്റി ബോട്ട് ക്ലബ് കോട്ടയം എന്നിവർ ജേതാക്കളായി. കനത്ത മഴയിലും ആവേശം ചോരാതെ ജനസാഗരങ്ങളാണ് പുന്നമടയിലേക്ക് ഒഴുകിയെത്തിയത്. ചെറുവള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും ഹീറ്റ്സ് മത്സരങ്ങളെ മഴ ബാധിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചുണ്ടൻവള്ളങ്ങളുടെ മാസ്ഡ്രിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.