തിരുവനന്തപുരം: ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും പച്ചക്കറി വില കുതിക്കുന്നു. പൊതുമാർക്കറ്റിലും മൊത്ത വിപണിയിലും ഇരട്ടിയോളമാണ് വിലവര്‍ധിച്ചത്. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. ഇതിനാലാണ് കേരളത്തിലേക്കെത്തുന്ന പച്ചക്കറികള്‍ക്കും വിലവര്ധിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിനൊപ്പം നിത്യോപയോഗ സാധന വിലയും വർധിക്കുകയാണ്. സ്വകാര്യ ചില്ലറ വില്പനശാലകളില് മാത്രമല്ല, സപ്ലൈകോയിലെ സാധനങ്ങള്‍ക്കും വിലയില്‍ വര്‍ധനയുണ്ട്. സപ്ലൈകോയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
പച്ചക്കറി വിലക്കയറ്റം പരിഹരിക്കാൻ സര്‍ക്കാര്‍ നടത്തിയ ഇടപെടൽ ഫലം കണ്ടില്ല. കേരളം ആശ്രയിച്ച തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മാര്‍ക്കറ്റില്‍ വില കുത്തനെ ഉയരുകയാണ്. മുരിങ്ങക്കക്ക് ചാല മാര്‍ക്കറ്റില്‍ കിലോക്ക് 310 രൂപയാണ് ഞായറാഴ്ചത്തെ വില. തക്കാളിക്ക് 100 രൂപയായി. 120-130 രൂപയാണ് തിരുവനന്തപുരത്ത് ചില്ലറ വില്പന വില. പച്ചക്കറികള്‍ക്ക് ചില്ലറ വിപണിയില്‍ കിലോക്ക് 40 രൂപ വരെയാണ് വര്‍ധിച്ചത്.
ഹോര്‍ട്ടികോര്‍പ് വില്പന ശാലകളില്‍ വിലക്കുറവുണ്ടെങ്കിലും പച്ചക്കറികൾക്ക് ഇവിടെ ദൗർലഭ്യമാണ്. പച്ചക്കറി വില സ്ഥിരമായി പിടിച്ചുനിർത്താൻ തമിഴ്നാട്ടിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തെങ്കാശിയില്‍ നേരിട്ടെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സംഭരണം തുടങ്ങാനായിട്ടില്ല. അടുത്ത ആഴ്ചതന്നെ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കേരളത്തിലെ കർഷകരിൽനിന്നുള്ള സംഭരണവും ഊർജിതമാക്കി പ്രതിസന്ധി പരിഹരിക്കുമെന്നും കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളായ കടുക്, ജീരകം, ചെറുപയര്‍, ചെറുപയര്‍ പരിപ്പ് എന്നിവയുടെയെല്ലാം വില വര്‍ധിച്ചു. മട്ട ഉണ്ട അരി വില 28ല്‍നിന്ന് 31 ആയി. കുറുവയരി കിലോക്ക് ഏഴുരൂപ വര്‍ധിച്ചു.
വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി –പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാെണന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈമാസം ഒന്നിന് വില പുതുക്കിനിശ്ചയിച്ച അരിയുടേതുള്പ്പെടെയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്.
പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതിക വര്‍ധന മാത്രമാണ് വരുത്തിയതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. വിലക്കയറ്റത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.