കാസര്‍കോട്: സംസ്ഥാനത്ത് പെരുകുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ നേരിട്ട് വാഹന പരിശോധനക്ക് മേല്‍നോട്ടം വഹിക്കണമെന്ന് ഡി.ജി.പിയുടെ നിര്‍ദേശം. മേഖലാ എ.ഡി.ജി.പിമാര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്ത് അതീവ ഗുരുതര സ്വഭാവമുള്ള വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നും അടുത്ത കാലത്തായി പൊലീസിന്‍െറയും മോട്ടോര്‍ വാഹന വകുപ്പിന്‍െറയും പരിശോധനയിലുണ്ടായ കുറവാണ് ഇതിന് കാരണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമം കാര്യക്ഷമമായി നടപ്പാക്കുകയും ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജില്ലാ പൊലീസ് മേധാവികള്‍ ഹൈവേ പട്രോള്‍ കാര്യക്ഷമമായി നടത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദേശം. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയില്‍ നടത്തുന്ന ഹൈവേ പട്രോള്‍ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കണം. നേരത്തേ ഗുരുതരമായ അപകടങ്ങളുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. രേഖകളുടെ പരിശോധനയേക്കാള്‍ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അമിത വേഗത എന്നിവ സംബന്ധിച്ച പരിശോധനക്ക് പ്രാധാന്യം നല്‍കണം. അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം, ഹൈവേ പട്രോള്‍, നൈറ്റ് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് മിന്നല്‍ പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്നല്‍ പരിശോധന നടത്തിയിരിക്കണം.
ജില്ലാ പൊലീസ് മേധാവികള്‍ മാസത്തില്‍ എത്ര തവണ മിന്നല്‍ പരിശോധന നടത്താന്‍ നേരിട്ട് ഇറങ്ങിയെന്ന് മേഖലാ എ.ഡി.ജി.പി മാര്‍ വിലയിരുത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബ്രെത്ത് അനലൈസറുകള്‍, സ്പീഡ് റഡാര്‍, ഇന്‍റര്‍സെപ്റ്റര്‍, കാമറകള്‍ എന്നിവയും പരിശോധനക്ക് ഉപയോഗപ്പെടുത്തണം. ഇതുകൂടാതെ ഓരോ ജില്ലാപൊലീസ് മേധാവിയും അപകടങ്ങള്‍ കുറക്കുന്നതിനുള്ള തങ്ങളുടേതായ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഐ.ജിമാര്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് 15 ദിവസത്തിലൊരിക്കല്‍ സ്ഥിതി വിവര കണക്കുകളടങ്ങിയ റിപ്പോര്‍ട്ട് നല്‍കണം. മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്യുന്ന ജില്ലാ മേധാവികള്‍ക്ക് പ്രശംസാപത്രവും റിവാര്‍ഡുകളും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.