കോഴിക്കോട്: ചെങ്ങന്നൂർ ജില്ലാ ട്രഷറിയിലെ വാഹന കരാർ വ്യസ്ഥകളുടെ ലംഘനം നടന്നുവെന്ന ധനകാര്യ പരിശോധന റിപ്പോർട്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ചെങ്ങന്നൂർ ജില്ലാ ട്രഷറിയിൽ വാഹനം കരാറിലെടുത്ത ഇനത്തിൽ 2019 മെയ് മാസം മുതൽ 2023 ജൂലൈ മാസം വരെ ഇത്തരത്തിൽ വാഹനം ലോഗ് ബുക്കിൽ ഉൾപ്പെടുത്താതെ 5552 കി.മീ (മാസം തോറും ശരാശരി 109 കി.മീ) ഓടിയതായി പരിശോധനയിൽ കണ്ടെത്തി. 1500 കി.മീ മാസ ഉപയോഗം കണക്കാക്കിയാണ് വാഹനം കരാറിലെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത്. എന്നാൽ വാടകക്കെടുത്ത വാഹനത്തിന്റെ 51 മാസത്തെ ശരാശരി ഉപയോഗം 1273 കി.മീറ്റർ മാത്രമാണ്. ഇത് മറ്റ് ട്രഷറികളുടെതിനേക്കാൾ താരതമ്യേന ഉയർന്ന നിരക്കുമാണ്.
ട്രഷറിയിൽ വാഹനം കരാറിലെടുത്തിട്ടുള്ള ഇനത്തിൽ ചെലവായ തുകയുടെ വിശദാംശങ്ങൾ പരിശോധിച്ചതിൽ സംസ്ഥാനത്തെ മറ്റുള്ള ട്രഷറികളിൽ നല്കി വരുന്നതിനേക്കാൾ താരതമ്യേന ഉയർന്ന തുകക്കാണ് വാഹനം ലീസിനെടുക്കുന്നതിന് കരാറിലാണ് ഒപ്പുവെച്ചത്. പലമാസങ്ങളിലും കുറഞ്ഞ ദൂരം മാത്രമേ വാഹനം ഓടിയിട്ടുള്ളൂവെങ്കിലും കരാർ പ്രകാരമുള്ള മുഴുവൻ തുകയും നൽകി. ഇത് സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. അതിനാൽ വാർഷികമായി പുതുക്കി വരുന്ന കരാർ യുക്തിസഹമായി പുതുക്കി (പുതുക്കിയ നിരക്കിലും, വ്യവസ്ഥകളിലും) ക്വട്ടേഷൻ വിളിക്കുന്നതിനോ, അല്ലാത്ത പക്ഷം 2020ലെ സർക്കാർ ഉത്തരവ് പ്രകാരം അനെർട്ട് വഴി വാഹനം കരാറിലെടുക്കുന്നതിനോ ഉള്ള നടപടി സ്വീകരിക്കുന്നതിന് ജില്ലാ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നൽകുന്നതിനുള്ള നടപടി ട്രഷറി വകുപ്പ് ഡയറക്ടർ സ്വീകരിക്കണെന്നാണ് ശിപാർശ.
2019 മെയ് മുതൽ 2021 ജൂലൈ വരെ (51 മാസം) കരാർ വാഹനം ലോഗ് ബുക്കിൽ ഉൾപ്പെടുത്താതെ 5552 കി.മീ (മാസം തോറും ശരാശരി 109 കി.മീ) ഓടിയിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായി. ഇത് കരാർ നിബന്ധനകൾക്ക് വിരുദ്ധമാണ്. ഈ നടപടി സംബന്ധിച്ച ചോദ്യത്തിന് ജില്ലാ ട്രഷറി ഓഫീസൽ നൽകിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് റിപ്പോർട്ട്. കരാർ വാഹനം ഓഫീസ് പരിസരത്ത് പാർക്ക് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തി കരാർ വ്യവസ്ഥകൾ പുതുക്കുന്നതിനു ജില്ലാ ട്രഷറി ഓഫീസർക്ക് നിർദേശം നല്കുന്നതിനും കരാർ വ്യസ്ഥകളുടെ ലംഘനം നടന്നതായി ബോധ്യപ്പെട്ട സ്ഥിതിക്ക് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും ട്രഷറി വകുപ്പ് ഡയറക്ടർ നടപടി കൈക്കൊള്ളമെന്നാണ് ശിപാർശ.
ശരത്ചന്ദ്രനുമായി 2019 മെയ് ആറിന് ഏർപ്പെട്ടിട്ടുള്ള കരാറിന്റെ കാലാവധി 2020 മെയ് അഞ്ചിന് അവസാനിച്ചു. 2020 മെയ് ആറ് മുതൽ ശരത്ചന്ദ്രനുമായി ഒരു വർഷ കാലാവധിയിൽ പുതിയ കരാറിൽ ഏർപ്പെട്ടു. എന്നാൽ 2020 മെയ് 26 നാണ് സ്റ്റാമ്പ് വെണ്ടർ ശരത് ചന്ദ്രന്റെ പേരിൽ വില്പന നടത്തിയത്. ഈ മുദ്ര പത്രത്തിലാണ് മെയ് ആറിന് കരാറിൽ ഏർപ്പെട്ടത് വിചിത്രമാണ്. മുൻകാല പ്രാബല്യത്തിൽ കരാർ ഒപ്പു വെച്ചതിന് സാധൂകരണമില്ല. ഇക്കാര്യത്തിൽ ജില്ലാ ട്രഷറി ഓഫീസറുടെ വിശദീകരണം തൃപ്തികരമല്ല. ഈ വിഷയത്തിൽ ഉചിതമായ നടപടി ട്രഷറി വകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.