കൊച്ചി: ഒ.എൽ.എക്സ് സൈറ്റിൽ പരസ്യം നൽകി വിൽപന നടത്തിയ ശേഷം ഇതേ വാഹനം മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. വിൽപന നടത്തുന്ന കാറിൽ ജി.പി.എസ് ഘടിപ്പിച്ച് പ്രതികളുടെ മൊബൈലുമായി ബന്ധപ്പെടുത്തി വാഹനം വാങ്ങിയവരെ പിന്തുടർന്ന് മോഷണം നടത്തുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തിൽ ഇക്ബാൽ (24), വടക്കേ ചോളകത്ത് മുഹമ്മദ് ഫാഹിൽ (26), മലപ്പുറം അരിയല്ലൂർ അയ്യനാവിൽകോവിൽ ശ്യാം മോഹൻ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലക്കാടുനിന്ന് മുഴുവൻ പണവും നൽകാതെ സ്വന്തമാക്കിയ ഇതേ കാർ ഉപയോഗിച്ച് പള്ളുരുത്തിയിലും തട്ടിപ്പ് നടത്തിയിരുന്നതായും കണ്ടെത്തി. കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് വളപട്ടണം സ്വദേശിയിൽനിന്ന് ആറു ലക്ഷം രൂപ തട്ടിയ കേസ് ഒന്നും രണ്ടും പ്രതികൾക്കെതിരെയുണ്ട്. ഒന്നാം പ്രതി ഇഖ്ബാൽ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിലെ പ്രതി കൂടിയാണ്.
കെ.എൽ എട്ട് എ. ഡബ്ല്യു 6955 ഹ്യുണ്ടായി വെർണ കാർ വിൽക്കാനുണ്ടെന്ന ഒ.എൽ.എക്സ് പരസ്യം കണ്ട് പ്രതികളുമായി ബന്ധപ്പെട്ട പരാതിക്കാരൻ ഫെബ്രുവരി എട്ടിന് കാലിക്കറ്റ് യൂനിവേഴ്സിറ്റ് ഭാഗത്തുവെച്ച് പണവും നൽകി കാർ വാങ്ങിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. രേഖകൾ പൂർണമായും പിന്നീട് നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു വിൽപന. കാറിൽ ഘടിപ്പിച്ച ജി.പി.എസിന്റെ സഹായത്തോടെ ഗതി മനസ്സിലാക്കിയ പ്രതികൾ പാലാരിവട്ടം ബൈപാസിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കാർ നിർത്തിയ സമയത്ത് മോഷ്ടിക്കുകയായിരുന്നു. കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ പ്രതികൾ കൈയിൽ കരുതിയിരുന്നു. ബംഗളൂരുവിൽനിന്നാണ് പ്രതികൾ പിടിയിലായത്. വിൽപന നടത്തിയവർ തന്നെയാകാം മോഷ്ടിച്ചതെന്ന സൂചന പരാതിക്കാരൻ നൽകിയിരുന്നു.
കഴിഞ്ഞ വർഷമാണ് വളപട്ടണം സ്വദേശിയിൽനിന്ന് ആറു ലക്ഷം തട്ടിയെടുത്തത്. ഇവർ ബാക്കി പണം നൽകാനുണ്ടെന്ന് കാണിച്ച് കാറിന്റെ യഥാർഥ ഉടമയായ പാലക്കാട് സ്വദേശിയുടെ പരാതിയും നിലവിലുണ്ട്. തട്ടിപ്പും മോഷണവും നടത്താനുള്ള സൗകര്യത്തിന് രാത്രി എട്ടിന് ശേഷമാണ് ഇവർ ഈ ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ടി.വി. കുര്യാക്കോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.