തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് വൈകാതെ, വിജ്ഞാപനമിറക്കും. കേരള സ്റ്റേറ്റ് എന്ന് നിയമപ്രകാരം ഉപയോഗിക്കാന്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിലാണ്.
വിജ്ഞാപനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി വ്യക്തമാക്കും. പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളില്‍ വ്യത്യസ്ത രീതിയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഇതിനായി കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 92(എ) ഭേദഗതി ചെയ്യും. സര്‍ക്കാര്‍ വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന് നിലവിലുള്ള രീതികള്‍ പരിഷ്കരിക്കും. ഡെപ്യൂട്ടി സെക്രട്ടറി, ജോയന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സ്പെഷല്‍ സെക്രട്ടറി എന്നിവരുടെ സ്വകാര്യ വാഹനങ്ങളില്‍ തസ്തികയുടെ പേര് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.
വ്യത്യസ്ത രീതിയിലാണ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ചിലര്‍ സ്ഥാനപ്പേരിനോടൊപ്പം കേരള സര്‍ക്കാര്‍ എന്നും ഗവണ്മെന്റ് ഓഫ് കേരള, കേരള സെക്രട്ടേറിയറ്റ് തുടങ്ങിയ വാക്കുകള്‍ അധികമായും ചേര്‍ത്തു. പരാതി ലഭിച്ച സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഗതാഗതമന്ത്രി ഫയല്‍ കണ്ട ശേഷം വിജ്ഞാപനമായി ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.