ആരെന്ത് പറഞ്ഞാലും ശ്രീനാരായണഗുരു ആരാധനാ മൂർത്തി, വിമർശിക്കുന്നവർ വിമർശിച്ചോട്ടെ -വെള്ളാപ്പള്ളി നടേശൻ

വർക്കല: ശ്രീനാരായണഗുരു ആരാധനാമൂർത്തിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരുവിനെ സനാതന ധർമവാദിയാക്കാനും ജാതി സന്യാസിയാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയെന്നോണമായിരുന്നു ശിവഗിരിയിലെ തീർഥാടന സമ്മേളനത്തിലെ വെള്ളാപ്പള്ളിയുടെ പ്രസംഗം. എഴുതി തയാറാക്കിയ വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് ഏറെ മുമ്പുതന്നെ മുഖ്യമന്ത്രി വേദി വിട്ടുപോയിരുന്നു.

സനാതന ധർമം അനുസരിച്ച് എന്തിലും ഏതിലും ദൈവമുണ്ട്. തത്വമസി അത് നീ തന്നെയാണ് എന്നാണ് വേദം പറയുന്നത്. ശ്രീനാരായണഗുരുവിന്റെ വാക്കുകളിലും ദർശനങ്ങളിലും അനിർവചനീയമായ ഈശ്വര സാന്നിധ്യം അനുഭവിച്ചറിയാം. ദൈവം ഒരു ശക്തിയാണ്. ഈ ശക്തിയെ അറിഞ്ഞവരാണ് ഗുരുക്കന്മാരും സത്യദർശികളും. ശ്രീനാരായണഗുരു സത്യദർശിയാണ്. ഈ ബ്രഹ്മസ്വരൂപനാണ് ഗുരുവിലെ ഈശ്വരീയത. ദൈവീക സാന്നിധ്യം അനുഭവിച്ചറിയുന്നതുകൊണ്ടാണ് ഗുരുവിനെ ഈശ്വരനായി ആരാധിക്കുന്നത്. ആരെന്ത് പറഞ്ഞാലും ശ്രീനാരായണഗുരു ആരാധനാ മൂർത്തിയാണ്. വിമർശിക്കുന്നവർ വിമർശിച്ചോട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചയുടൻ വെള്ളാപ്പള്ളി വേദിവിട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

ക്ഷേത്രത്തിൽ പുരുഷൻ ഉടുപ്പ് മാറ്റണമെന്ന ആചാരം മാറണമെന്ന് സ്വാമി സച്ചിതാനന്ദ

വർക്കല: ക്ഷേത്രങ്ങളിൽ പുരുഷൻ ഉടുപ്പ് മാറ്റണമെന്ന ആചാരം മാറണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 92ാമത് ശിവഗിരി തീർഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഉടുപ്പ് അഴിച്ചുമാറ്റിയേ കയറാവൂ എന്ന രീതിയും ആചാരവും മാറണമെന്ന് സ്വാമി സച്ചിതാനന്ദ ആവശ്യപ്പെട്ടു. സമൂഹത്തിലെ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിൽനിന്നും ശ്രീനാരായണീയർ പിന്മാറണം. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഉടുപ്പ് ധരിച്ച് കയറാനുള്ള രീതി നടപ്പാക്കിക്കൊണ്ട് ഈ അനാചാരം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ അഭിപ്രായത്തെ പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയായിരുന്നു.

ആരാധനാലയങ്ങളിൽ പുരുഷൻ ഉടുപ്പ് ഊരിമാറ്റിയേ കടക്കാവൂ എന്ന നിബന്ധന പൊതുവെയുണ്ടെന്നും ഇതിന് കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ സദ്പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് സ്വാമി സച്ചിതാനന്ദയുടെ ഇടപെടൽ. ഇത് പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലാണ്.

ഈ വഴിക്ക് വരാൻ ആരെയും നിർബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട്. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ ഉടുപ്പ് നീക്കേണ്ടതില്ലെന്നത് നല്ല തുടക്കമാകും. ഇത് മറ്റ് ആരാധനാലയങ്ങളിലും പിന്തുടരാൻ കഴിയുമോയെന്നും ആലോചിക്കണം -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണീയരെ മുഖ്യമന്ത്രി അവഹേളിച്ചു -വി. മുരളീധരൻ

തിരുവനന്തപുരം: സനാതനധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയിൽവെച്ച് പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇതിലൂടെ ശ്രീനാരായണീയരെത്തന്നെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ പങ്കുവെച്ച പ്രസംഗത്തിലുള്ളത്.

സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെക്കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്‍റേടമുണ്ടോ? ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്‍റെ ശത്രുവാക്കുന്ന കമ്യൂണിസ്റ്റ് പ്രചാരവേല കേരളത്തിലെ ജനം തള്ളുമെന്നും മുരളീധരൻ പറഞ്ഞു.

വർണാഭമായി ശിവഗിരിയിൽ തീർഥാടന ഘോഷയാത്ര

വര്‍ക്കല: ഗുരുഭക്തിയിലലിഞ്ഞ് ശിവഗിരിയിൽ വർണാഭമായ തീർഥാടന ഘോഷയാത്ര നടന്നു. ഗുരുവിന്റെ ഉപദേശമനുസരിച്ച് പഞ്ചശുദ്ധി വ്രതം നോറ്റും പീതാംബരധാരികളായും തീർഥാടകരായെത്തിയ നൂറുകണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ച ശിവഗിരിയിലെ വിശേഷാല്‍ പൂജകള്‍ക്കും സമൂഹപ്രാര്‍ഥനക്കും ശേഷം സമാധി മണ്ഡപത്തിൽ നിന്നുമാണ് ഘോഷയാത്ര പുറപ്പെട്ടത്. ഗുരുവിന്റെ പ്രതിമ വെച്ച്അലങ്കരിച്ചതും ഗുരു ഉപയോഗിച്ചിരുന്നതുമായ റിക്ഷ ഘോഷയാത്രയുടെ മുന്നിൽ ക്രമീകരിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരും ബ്രഹ്മവിദ്യാര്‍ഥികളും ചേര്‍ന്നാണ് റിക്ഷയെ ആനയിച്ചത്. അകമ്പടിയായി ശ്രീനാരായണ നാമജപത്തോടെയാണ് തീര്‍ഥാടകര്‍ അണിനിരന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തീർഥാടകരായി ശിവഗിരിയിലെത്തിയ പദയാത്രകളിലെ അംഗങ്ങളും ഘോഷയാത്രയില്‍ പങ്കാളികളായി. സ്വാമിമാരായ സച്ചിദാനന്ദ, ശുഭാംഗാനന്ദ, ശാരദാനന്ദ, ഋതംഭരാനന്ദ, വിശാലാനന്ദ, അസംഗാനന്ദഗിരി, വീരേശ്വരാനന്ദ, ശങ്കരാനന്ദ തുടങ്ങിയവർ നേതൃത്വം നല്‍കി. ശിവഗിരി മട്ടിന്‍മൂട്, മൈതാനം ടൗൺ വഴി റെയില്‍വേ സ്റ്റേഷന്‍ ജങ്ഷൻ ചുറ്റി സഞ്ചരിച്ചാണ് ഘോഷയാത്ര ശിവഗിരിയില്‍ മടങ്ങിയെത്തിയത്. പാതയോരങ്ങളിൽ ഗുരുവിന്‍റെ ചിത്രം അലങ്കരിച്ചും വിളക്ക് തെളിച്ചും ഭക്തജനങ്ങൾ ഘോഷയാത്രയെ വരവേറ്റു. തിരികെ സമാധിയിലെത്തിയശേഷം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ തീര്‍ഥാടന സന്ദേശം നല്‍കി.

ഗുരുവിനെ അടർത്തിയെടുക്കാൻ ശ്രമം -കെ. സുരേന്ദ്രൻ

വർക്കല: ശ്രീനാരായണഗുരുവിനെ സനാതനധർമത്തിൽ നിന്ന് അടർത്തിയെടുക്കാൻ ചിലയാളുകൾ ഇപ്പോഴും ശ്രമിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ശിവഗിരിയിൽ നടന്ന കൃഷി കൈത്തൊഴിൽ വ്യവസായം ടൂറിസം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്കർത്താവ് എന്നതിനപ്പുറത്തേക്ക് ഗുരുവിന്റെ ഔന്നത്യം കല്പിച്ചുകൊടുക്കാൻ ചിലർ അനുവദിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Vellapally Natesan about Sree Narayana Guru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.