കോഴിക്കോട്: സംസ്ഥാന സർക്കാർ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും ചോദിക്കുന്നതെല്ലാം നൽകുകയാണെന്നുമുള്ള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ എസ്.എൻ.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്തുതവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് സർക്കാർ വസ്തുതകൾ പുറത്തുവിടണമെന്നും ധവളപത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനസ്വഭാവത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും സമീപകാലത്ത് മറ്റു പല കോണുകളിൽനിന്നും രൂപപ്പെട്ടിട്ടുണ്ട്. ഇത് പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ടതുകൂടി ചോദിക്കാൻ കഴിയാത്ത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും.
നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെ ഏഴായിരത്തോളം തൊഴിലവസരങ്ങളാണ് സമുദായത്തിന് നഷ്ടമായത്. തുടർന്നുണ്ടായ പാക്കേജിൽ മുന്നാക്ക സമുദായത്തിനാണ് നേട്ടമുണ്ടായത്. സച്ചാർ കമ്മിറ്റിയുടെ ചുവടുപിടിച്ച് രൂപംകൊടുത്ത പാലോളി കമ്മിറ്റി നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. മദ്റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു.
കഴിഞ്ഞകാല അനുഭവങ്ങളെല്ലാം നഷ്ടങ്ങളുടേതാണ്. മന്ത്രിസഭയിൽ ആകെയുള്ളത് രണ്ട് സമുദായ അംഗങ്ങൾ മാത്രം. മൂന്ന് പാർലമെന്‍റ് അംഗങ്ങൾ മാത്രമാണ് സമുദായത്തിൽനിന്നുണ്ടായത്. വിദ്യാഭ്യാസ അവസരത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തെക്കൻ ജില്ലകളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മലബാറിൽ ഇല്ല. യാഥാർഥ്യം ഇതായിരിക്കെ, പുകമറ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ബോധപൂർവം ഉന്നയിക്കുന്നത് അനീതിയാണ്.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ മൗനം അവലംബിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. അതുകൊണ്ട് യഥാർഥ വസ്തുത പുറത്തുവിടാൻ സർക്കാർ തയാറാകണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ആർജവമുള്ള നിലപാട് സ്വീകരിക്കണമെന്നും അമീർ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വർധന മതേതര കക്ഷികൾ ഗൗരവമായി വിലയിരുത്തണം. ഇത് ലാഘവത്തോടെ കാണാൻ പാടില്ല. സംസ്ഥാനത്ത് ബി.ജെ.പിക്ക് വഴിതുറക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ കക്ഷികൾ സൂക്ഷ്മത പുലർത്തണം.
സമസ്തയിലെ പ്രശ്നങ്ങളിൽ ജമാഅത്ത് കക്ഷിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നതാണ് സംഘടനയുടെ താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിറ സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.