തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് അധോഗതിയാണെന്നും ബി.ജെ.പി പോയെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്‍റെ മകൻ നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ് ഒന്നുമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബി.ജെ.പിയുടെ അടിസ്ഥാനം സവർണന്‍റേതാണ്. ബി.ജെ.പി പിന്നാക്കക്കാരെ മത്സരത്തിനിറക്കിയ ഒരിടത്തും സവർണർ വോട്ട് ചെയ്തില്ല. കേരളം ഭരിക്കാൻ കൊള്ളാവുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാഷ്ട്രീയലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ സമരങ്ങൾ എങ്ങുമെത്തിയില്ല. ചില താൽപര്യങ്ങൾക്ക് വേണ്ടി വിവാദങ്ങളുണ്ടാക്കിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു.
ശബരിമലസമരം നിർഭാഗ്യകരമായ ഒന്നായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആ സമരം. പത്ത് ആളെക്കിട്ടുമെന്ന് കണ്ട് ചാടിയതാണ്. മൂന്ന് തമ്പുരാന്മാരുണ്ടാക്കിയ സമരം ഒരു രാഷ്ട്രീയപാർട്ടി ഏറ്റെടുത്തിട്ട് എന്തായി. പാവപ്പെട്ട ജനങ്ങളുടെ മനസ്സ് പെൻഷനും കിറ്റും നൽകിയ പിണറായി സർക്കാറിനൊപ്പമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അനാഥപ്രേതമായി കോൺഗ്രസ് മാറി. കേരളത്തിൽ വന്നവനും പോയവനുമെല്ലാം കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കി.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായതോടെ പുതിയ ഒരു ഗ്രൂപ്പുകൂടി ഉണ്ടായി. പ്രസിഡന്‍ററായി വന്നവരെല്ലാം ഗ്രൂപ്പുണ്ടാക്കിയതല്ലാതെ കോൺഗ്രസിന് ഗുണമുണ്ടായില്ല. ഇനിയും കേരളത്തിൽ തുടർഭരണം വരും. കേരളത്തിൽ വർഗീയ ധ്രുവീകരണം ശക്തമായിട്ടുണ്ട്. എൻ.എസ്.എസുമായുള്ള ഐക്യം ചത്തകുട്ടിയാണ്. സുകുമാരൻ നായർക്ക് തമ്പ്രാൻ മനോഭാവമാണ്. അതുമായി യോജിക്കാനാകില്ല. എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.