തിരുവനന്തപുരം: കേരളത്തിൽ അതിരുവിട്ട മുസ്ലിം പ്രീണനവും ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നെന്ന വെള്ളാപ്പള്ളിയുടെ വാദം സംഘ്പരിവാറിെൻറ വ്യാജവാദമാണെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ടു ജീവിക്കുന്ന നടേശൻ യഥാർഥത്തിൽ നടത്തുന്നത് ‘ഇ.ഡി, സി.ബി.ഐ, ഐ.ടി ഏജൻസി പ്രീണന’മാണ്. ഗുരുവചനത്തെ പൂർണമായും തിരസ്കരിച്ച് മതവിദ്വേഷവും സംഘർഷവും വർധിപ്പിക്കുന്ന രീതിയിൽ എസ്.എൻ.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പരാമർശങ്ങൾ അപലപനീയമാണ്.
കേരളത്തിൽനിന്നുള്ള ഒമ്പത് രാജ്യസഭാംഗങ്ങളിൽ ആനുപാതികമായി രണ്ട് ഈഴവരും രണ്ട് മുസ്ലിംകളും മൂന്ന് ഇതര ഒ.ബി.സി -ദലിത്- സവർണ വിഭാഗങ്ങളിൽനിന്നും രണ്ടുപേർ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുമാണ് ഉണ്ടാകേണ്ടത്. കേന്ദ്രമന്ത്രിസഭയിൽ 20 കോടി ഇന്ത്യക്കാരെ പ്രതിനിധാനംചെയ്യുന്ന ഒരു മുസ്ലിം പോലുമില്ല. ആനുപാതികമായി 80 മുസ്ലിം എം.പിമാർ വേണ്ടതായ ലോക്സഭയിൽ കേവലം 24 മുസ്ലിംകളാണുള്ളത്.
37 മുസ്ലിം എം.പിമാർ ഉണ്ടാകേണ്ടതായ രാജ്യസഭയിലുള്ളത് 13 പേർ മാത്രം. സാമുദായിക സംവരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഇ.ഡബ്ല്യു.എസ് സംവരണത്തിനായി 103ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ മുസ്ലിം എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന വസ്തുത വെള്ളാപ്പള്ളി മറന്നെങ്കിലും പിന്നാക്ക സമുദായങ്ങൾ മറക്കില്ലെന്നും ശ്രീനാരായണ മാനവധർമ ട്രസ്റ്റ് ചെയർപേഴ്സൺ പ്രഫ. ജി. മോഹൻ ഗോപാൽ, വൈസ് ചെയർപേഴ്സൺ വി.ആർ. ജോഷി, ജനറൽ സെക്രട്ടറി സുദേഷ് എം. രഘു, ട്രഷറർ അഡ്വ. ടി.ആർ. രാജേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.